രാജ്യഭരണം ഏതുവിധേനയും സ്വന്തം കുടുംബത്തിലേക്ക് തിരികെയെത്തിക്കുകയാണ് നെഹ്റുവിന്റെ പിന്മുറക്കാരുടെ ലക്ഷ്യം. അവസരവാദ സഖ്യങ്ങളുണ്ടാക്കി നടത്തുന്ന പ്രയത്നങ്ങള്‍ ജനം അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയുകയുമാണ്. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാന്‍ ഇനി എന്തുചെയ്യുമെന്ന ആലോചനയില്‍ നിന്നാണ് രാഹുലിന്റെ ‘വെടക്കാക്കി തനിക്കാക്കല്‍ തന്ത്രം’. സ്വന്തം രാജ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടായാലും കുഴപ്പമില്ല, അധികാരം പിടിച്ചാല്‍ മതി എന്ന ഹീന ബുദ്ധിയാണ് കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ നിരന്തരം പയറ്റുന്നത്. രാജ്യത്തിനകത്ത് നിന്ന് പിന്തുണയില്ലെന്നിരിക്കേ വിദേശത്ത് പോയി ഭാരത വിരുദ്ധരെ കൂട്ടുപിടിച്ചായാലും മുത്തച്ഛന് മുറുക്കെപ്പിടിച്ച കസേര കൈക്കലാക്കുകയാണ് ലക്ഷ്യം.
പത്തുവര്‍ഷക്കാലത്തിനിടയില്‍ രാഹുലിന്റെ ഭാരതവിരുദ്ധത നമ്മള് പലതവണ കണ്ടതാണ്. ‘വിദേശ വിനോദയാത്ര’കളുടെ ലക്ഷ്യം തന്നെ രാഷ്ട്രവിരുദ്ധതയെന്ന് പറഞ്ഞാല്‍പ്പോലും അതിശയോക്തിയില്ല. 2017ല്‍ ലണ്ടനില്‍ ‘ഇന്ത്യയിലെ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ഭരണ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും’ പ്രസംഗിച്ചു. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് നെഹ്റുവിയന്‍ കുടുംബ ഭരണത്തിലേക്ക് വഴുതിപ്പോയ രാജ്യം ജനാധിപത്യ സ്വഭാവം വീണ്ടെടുത്തത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. കുടുംബം വികസിച്ച് രാജ്യം മുരടിച്ച ആറുപതിറ്റാണ്ടിലാണ് ജനാധിപത്യം വിസ്മൃതിയിലായതെന്നും രാഹുലിന് നന്നായറിയാം. അതില്‍ നിന്ന് ജനാധിപത്യ പാതയിലേക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്രമോദി ചെയ്തത്.
ലണ്ടനിലെ അതേ വേദിയില്‍ത്തന്നെ ‘സിബിഐയും എന്‍ഫോഴ്സ്മെന്റും അടങ്ങുന്ന അന്വേഷണ ഏജന്‍സികള്‍ പാകിസ്ഥാനെ പോലെ രാജ്യത്തെ ചവച്ചരച്ച് തിന്നുകയാണെന്ന്’ പറഞ്ഞ രാഹുല്‍ ഭാരത ഭരണഘടനയെത്തന്നെയാണ് അപമാനിച്ചത്. കോടികളുടെ അഴിമതി നടത്തി ഖജനാവ് കട്ടുതിന്നതിന് ജനം ചവിട്ടി പുറത്താക്കിയവര്‍ക്ക് അന്വേഷണ ഏജന്‍സികള്‍ പാകിസ്ഥാനെപോലെയാകുന്നതും സ്വാഭാവികം. കേരളത്തിലെ സിപിഎമ്മിനും ദല്‍ഹിയിലെ ആപ്പിനുമെല്ലാം അതുതന്നെ പ്രശ്നം.
വിദേശ വേദികളിലും വിരുന്നുകളിലും രാഹുല്‍ വിളമ്പിയ വിദ്വേഷം ലണ്ടനില്‍ തീരുന്നതല്ല. ജര്‍മന്‍ സന്ദര്‍ശനത്തിനിടെ, തൊഴിലില്ലായ്മയ്ക്ക് കാരണം നരന്ദ്രമോദിയുടെ ഭരണമെന്ന് തട്ടിവിട്ട രാഹുല്‍, പത്തു വര്‍ഷത്തിനിടെ രാജ്യം അടിസ്ഥാന സൗകര്യവികസനത്തിലും നിക്ഷേപത്തിലും നടത്തിയ വികസനം മൂടിവച്ചു. ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍പ്പോലും നരേന്ദ്രമോദി നയിക്കുന്ന ഭാരതത്തെ ആരാധനയോടെ നോക്കിക്കാണുമ്പോഴായിരുന്നു സ്വന്തം നാട്ടുകാരന്റെ ഈ അധിക്ഷേപം.
മലേഷ്യയിലെ ഭാരത സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ, നോട്ടുനിരോധനം ഉയര്‍ത്തി രാഹുല്‍ രാജ്യത്തെ ഇകഴ്ത്തി സംസാരിച്ചു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ഫയല്‍ തനിക്ക് നല്കിയിരുന്നെങ്കില്, അത് ചവറ്റുകുട്ടയില്‍ എറിയുമായിരുന്നുവെന്ന് പറഞ്ഞതിലൂടെ കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ രാജ്യം നടത്തിയ വലിയ പോരാട്ടത്തെ കോണ്‍ഗ്രസ് നേതാവ് തള്ളിപ്പറഞ്ഞതിനും ലോകം സാക്ഷിയായി.
സിംഗപ്പൂരിലെ ലീ ക്വാന്‍ യൂ സ്കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഭാരതത്തില്‍ പൊതുവെ ഭീഷണിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ട രാഹുല്‍, ഭാരതത്തിന്റെ ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് കമ്മിഷന് ഉള്‍പ്പെട്ട ഭരണഘടനാ സംവിധാനങ്ങളേയും വീണ്ടും അധിക്ഷേപിച്ചു.
പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശന വേളയിലും രാഹുലിന്റെ ഭാരതവിരുദ്ധത കേട്ടു. ബഹ്റൈനില്‍ എന്‍ആര്‍ഐ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യവെ മോദി സര്‍ക്കാര്‍ രാജ്യത്തെ മേലെ തട്ടിലുള്ള നൂറ് കമ്പനികളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം. രാഹുലിന്റെ കുടുംബ പരമ്പര ആറ് ദശാബ്ദം ഭരിച്ചിട്ടും നല്‍കാത്തത്ര ആനുകൂല്യങ്ങള്‍ ഈ രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ച സര്‍ക്കാരിനെക്കുറിച്ചാണ് ഇത് പറഞ്ഞത്. 100 രൂപ കേന്ദ്രം നല്കുമ്പോള് 15 പൈസ മാത്രം ജനങ്ങളിലേക്കെത്തുന്നുവെന്ന് മുന്‍പ് സാക്ഷ്യപ്പെടുത്തിയത് രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയായിരുന്നു.
മിസ് ഇന്ത്യ മല്‍സര പരിപാടിയില്‍ വരെ വിഭജന ബുദ്ധി പ്രയോഗിച്ചയാളാണ് ഇപ്പോഴത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ്. മിസ് ഇന്ത്യ പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും ഇല്ലെന്നും രാജ്യത്തെ 90 ശതമാനം ആളുകളും സംവിധാനത്തിന് പുറത്തെന്നുമായിരുന്നു അന്നത്തെ കണ്ടെത്തല്‍. മിസ് ഇന്ത്യയിലെ പങ്കാളികളെയും നരേന്ദ്രമോദി നിശ്ചയിക്കുന്നു എന്ന നിലയിലായിരുന്നു ജല്പനങ്ങള് !
ഏറ്റവുമൊടുവില്‍ ഇതാ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമേരിക്കയിലെത്തി പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. സിഖ് സമൂഹത്തിന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന പ്രസ്താവന സിഖ് സമൂഹത്തെ പ്രകോപിപ്പിക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് ? ഏത് സിഖ് സഹോദരനാണ് ഈ അവകാശങ്ങള്‍ രാജ്യത്ത് നിഷേധിക്കപ്പെടുന്നത്. ഖലിസ്ഥാന്‍ ഭീകരന് ഗുര്‍പത്വന്ത് സിങ് പന്നുവാണ് രാഹുലിന് കയ്യടിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദിയുടെ അംഗീകാരം വാങ്ങി അത് അഭിമാനമായി കൊണ്ടു നടക്കുന്ന ഈ മഹാനെ കോണ്‍ഗ്രസ് ഇനിയും ചുമക്കണോ ? സ്വന്തം മുത്തശ്ശി ഇന്ദിരയുടെ കൊലപാതകികളെയെങ്കിലും ഓര്‍ക്കാന്‍ അദ്ദേഹത്തിനായില്ലല്ലോ!
തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറുമായും അമേരിക്കയില്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തി. ആരാണ് ഇല്‍ഹാന്‍ ഒമര്‍ ? പാകിസ്ഥാന് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തിയ മഹതി. പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ ആ ചടങ്ങ് ബഹിഷ്കരിച്ച വ്യക്തി. ഭാരതവിരുദ്ധത മുഖമുദ്രയാക്കിയ, തീവ്ര ഇസ്ലാമികവാദിയും കശ്മീര്‍ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമായ ഇല്‍ഹാന്‍ ഒമറുമായി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് രാഹുലിനോ കോണ്‍ഗ്രസിനോ ഉത്തരമില്ല. തീരുന്നില്ല, ജോര്ജ്ടൗണ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ സംവരണത്തിന്റെ പേരില്‍ വീണ്ടും രാജ്യത്തെ നീതിന്യായസംവിധാനങ്ങളെ അധിക്ഷേപിക്കുന്നു.
രാജ്യത്തിനെതിരായ വിദ്വേഷ അജണ്ടയുമായാണ് രാഹുലിന്റെ ഓരോ വിദേശയാത്രയും. ജനാധിപത്യമില്ലാത്ത, നീതിബോധമില്ലാത്ത, മാധ്യമസ്വാതന്ത്ര്യമില്ലാത്ത, ന്യൂനപക്ഷ അവകാശങ്ങളില്ലാത്ത, ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്ത അന്തരീക്ഷമാണ് ഭാരതത്തില്‍ എന്ന് സ്ഥാപിക്കാനാണ് ശ്രമം. അതുതന്നെയാണ് മുകളില്‍ എണ്ണിപ്പറഞ്ഞ എല്ലാ സംഭവവികാസങ്ങളും തെളിയിക്കുന്നത്. കേവലം കയ്യടി മാത്രമാണ് ലക്ഷ്യമെന്ന് കരുതരുത്. ഇതെല്ലാം വേദിയും സദസിലും നില്ക്കാന് മാത്രമുള്ള നിര്‍ദോഷ പ്രസ്താവനകളെന്നും നടിക്കരുത്. രാജ്യം ഒപ്പം നില്ക്കുന്നില്ലെങ്കില് രാജ്യദ്രോഹികളെ കൂട്ടിപ്പിടിച്ചായാലും ഭരണം കയ്യാളണമെന്ന തീക്കളിക്കാണ് രാഹുല്‍ മുതിരുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കിട്ടുന്ന വേദികളിലെല്ലാം കടന്നാക്രമിക്കുന്ന രാഹുല്‍ പഴയൊരു കാര്യം ഓര്‍ക്കണം. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ അപമാനിച്ച പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ആദ്യം രംഗത്തുവന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയാണ്. ‘ ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ താങ്കളാരാണ്” എന്ന ചോദ്യമാണ് അന്ന് മോദി ഉയര്‍ത്തിയത്. ഇന്ന് അസൂയ മൂത്ത് പ്രധാനമന്ത്രിയെ ഇകഴ്ത്തുന്നവര്‍ നരേന്ദ്രമോദിയുടെ നിലവാരത്തിലേക്ക് ഉയരണമെന്ന് പറയുന്നില്ലെങ്കിലും രാജ്യതാത്പര്യത്തെ മാനിക്കുകയെങ്കിലും ചെയ്യണം.
മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിലുണ്ടായ ദേശീയ ഉണര്‍വിനെ ഏറ്റവുമധികം പേടിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് ഈ രാജ്യത്ത് സാധ്യമാകില്ലെന്ന് ഏതൊരു കോണ്‍ഗ്രസുകാരനും നന്നായി അറിയാം. കൊളോണിയല്‍ ഭരണത്തിന്, അതിന്റെ തുടര്‍ച്ചയായ, സമാനമായ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഭാരതത്തെ മൂടിയ കറുത്തമേഘങ്ങളെ നീക്കി നവഭാരത സൃഷ്ടിയാണ് മോദിയുടെ കീഴില്‍ നടന്നുവരുന്നത്. ആധുനികതയും ഭാരതീയ ആധ്യാത്മികതയും ലോക ഭൂപടത്തില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ച് നരേന്ദ്ര മോദി വിശ്വ പൗരനായി തിളങ്ങുമ്പോള്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് ആ തിളക്കം ഇല്ലാതാക്കാനാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്റെ ശ്രമം.
ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാന്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും വായിച്ച് പഠിക്കുകയാണെന്ന് പറഞ്ഞ രാഹുലിനെ ഇതിഹാസത്തില്‍ നിന്നുതന്നെയുള്ള ഒരു കഥ ഓര്‍മിപ്പിക്കാം. കിട്ടുന്ന വേദികളിലെല്ലാം സാക്ഷാല്‍ കൃഷ്ണനെതിരെ അപവാദങ്ങളുടെയും അപമാനങ്ങളുടെയും പ്രവാഹം തുറന്നുവിടുകയായിരുന്നു ശിശുപാലന്. ഭഗവാന്റെ കഴിവുകളെ, പ്രവര്‍ത്തികളെ തരംതാഴ്ത്തിക്കാട്ടാന്‍ കിട്ടുന്ന വേദികളെല്ലാം ശിശുപാലന് ഉപയോഗിച്ചു. കൃഷ്ണനെ തകര്‍ക്കുക മാത്രമല്ല, കലഹം വിതയ്ക്കുകയുമാണ് ശിശുപാലന് ലക്ഷ്യം വച്ചത്. ഒടുവില്‍ കള്ളങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ കുഴിതോണ്ടി. രാജ്യത്തെ ഇകഴ്ത്തി, രാജ്യദ്രോഹികളെ കൂട്ടി മോദിയെ തോല്‍പ്പിക്കാമെന്ന് കരുതുന്ന രാഹുല്‍ ആദ്യം ശിശുപാലനെ പഠിക്കട്ടെ.
മുന്‍ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹ മന്ത്രിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: