ചെന്നൈ: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ നെയ് വിതരണം ചെയ്ത അതേ കമ്പനി തന്നെയാണ് പഴനിയിലും നെയ് വിതരണം ചെയ്യുന്നതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭക്തര്‍. ദിണ്ടിഗലിലെ എആര്‍ ഫുഡ്സ് ആണ് തിരുപ്പതിയിലേക്ക് നെയ് നല്‍കിയിരുന്നത്. ഇവര്‍ തന്നെയാണ് പഴനി മുരുകക്ഷേത്രത്തിലും നെയ് നല്‍കുന്നത്. തിരുപ്പതി ലഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തിന് പിന്നാലെയാണ് പഴനിയിലെ അരവണയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യമുയരുന്നത്.
പഴനി ക്ഷേത്ര ട്രസ്റ്റിന്റെ മേധാവി രാജശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എആര്‍ ഫുഡ്സ്. ഡിഎംകെ സര്‍ക്കാരാണ് രാജശേഖറിനെ ട്രസ്റ്റിന്റെ മേധാവിയായി നിയമിച്ചത്. ഇതിന് ശേഷമാണ് ഈ കമ്പനിയുടെ നെയ് ഇവിടെ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദേവാലയങ്ങളിലെ വഴിപാടുകളെ പറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തെ കുറിച്ചുമുള്ള ആരോപണങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ വൈസ് പ്രസിഡന്റ് സെല്‍വ കുമാര്‍ പറഞ്ഞു. പ്രസാദത്തിന്റെ പേരില്‍ എന്താണ് നല്‍കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എ ആര് ഫുഡ്സ് നെയ് വിതരണം ചെയ്യുന്ന എല്ലാ ക്ഷേത്രങ്ങളിലും കര്‍ശന പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തി. ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകുന്ന കാര്യമല്ല. വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കു. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും, പൊറുക്കാനാകാത്ത തെറ്റുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നല്കുന്ന പ്രസാദങ്ങളും പരിശോധിക്കാന്‍ കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി നിര്‍ദേശം നല്കി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന് തയാറാക്കുന്ന നന്ദിനി നെയ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയാറാക്കാന്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. തിരുപ്പതി ക്ഷേത്രത്തിലും നന്ദിനി നെയ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആര്‍ ഡയറി ഫുഡ്സിന് 2023ല്‍ കരാര്‍ നല്‍കിയത്.
ആശങ്ക വേണ്ട: തിരുപ്പതി തിരുമല ദേവസ്ഥാനം
നിലവില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന ലഡുവിനെ കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം. ഗുണനിലവാരമില്ലാത്ത നെയ് ഉപയോഗിച്ച് തയാറാക്കിയ ലഡു ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. പൂര്‍ണമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവയുടെ നിര്‍മാണമെന്നും, തികഞ്ഞ പരിശുദ്ധിയോടെയാണ് ഇവ ഇപ്പോള്‍ ഭക്തര്‍ക്കായി നല്‍കുന്നതെന്നും തിരുപ്പതി തിരുമല ദേവസ്ഥാനം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: