കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നലെ നടന്നു. ഇന്ന് ഫലം അറിയാം. 2022 ല്‍ രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. 17 ദശലക്ഷത്തിലധികം ശ്രീലങ്കക്കാര്‍ വോട്ടിട്ടു.
ഇപ്പോഴത്തെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് പ്രധാന മത്സരാര്‍ത്ഥി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റാനായെന്ന അവകാശവാദവുമായാണ് റനില്‍ വിക്രമസിംഗെ മത്സരിക്കുന്നത്. 2022-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉണ്ടായ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് അന്നത്തെ പ്രസിഡന്റായിരുന്ന ഗോദാഭയ രജപക്ഷെ രാജിവച്ച ഒഴിവിലാണ് സിംഗെ പ്രസിഡന്റായത്.
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ(യുഎന്‍പി) നേതാവും അഭിഭാഷകനുമായ വിക്രമസിംഗെ ആറുവട്ടം ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയില്‍ (ജെവിപി) നിന്നുള്ള അനുറ കുമാര ദിസ്സനായകെയാണ് പ്രധാന എതിരാളി. മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനായ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും രംഗത്തുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 38 വയസുള്ള നമല്‍ രജപക്ഷെയാണ്, പ്രസിഡന്റും പ്രധാനമന്ത്രിയും ആയി സേവനമനുഷ്ഠിച്ച മഹിന്ദ രജപക്ഷെയുടെ മൂത്ത മകനാണ് അദ്ദേഹം, ആകെ 38 സ്ഥാനാര്‍ത്ഥികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: