ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ചൈന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്ഥിരം പരിപാടിയായ ഇരുമ്പുമറ ഉയര്‍ത്തുന്നതായി പരാതി. ഇതിന്റെ പേരില്‍ ചൈനീസ് ഡ്രാഗണ്‍ പാശ്ചാത്യമാധ്യമങ്ങളുടെ വിമര്‍ശനത്തിന് ശരവ്യമാകുന്നു.
ഇന്ത്യയ്‌ക്കെതിരെ ഡിങ്ങ് ലിറനെ ഇറക്കാതെയുള്ള ചൈനീസ് തന്ത്രം
പുരുഷ വിഭാഗം ചെസില്‍ ഏഴാം റൗണ്ടില്‍ ഇന്ത്യയുമായുള്ള കളിയില്‍ ഒന്നാം ബോര്‍ഡില്‍ കളിക്കേണ്ട ഡിങ്ങ് ലിറനെ ചൈന ഇറക്കിയില്ല. ഇന്ത്യയുടെ ഒന്നാം ബോര്‍ഡില്‍ ഗുകേഷ് കളിക്കുന്നതിനാലാണ് ഇത്. ഗുകേഷ് അപാരഫോമിലാണ്. ഗുകേഷിനോട് കളിച്ച് തോറ്റാല്‍ ഡിങ്ങ് ലിറന് മാത്രമല്ല ചൈനയ്‌ക്കും അത് നാണക്കേടാണ്. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനാണ് ഡിങ് ലിറന്‍. ഇക്കുറി അടുത്ത മാസം സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ്ങ് ലിറനെ ലോകചെസ് കിരീടത്തിനായി വെല്ലുവിളിക്കുന്നത് ഗുകേഷാണ്. ലോക ചെസ് പോരാട്ടം തുടങ്ങുന്നതിന് മുന്‍പേ ഗുകേഷിനോട് തോറ്റാല്‍ അത് നാണക്കേടാകും എന്നതിനാല്‍ ഇന്ത്യയുമായുള്ള ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ഡിങ്ങ് ലിറന് ചൈന വിശ്രമം അനുവദിക്കുകയായിരുന്നു. പകരം വെയ് യി എന്ന ഗ്രാന്‍റ് മാസ്റ്ററെയാണ് ചൈന ഒന്നാം ബോര്‍ഡില്‍ ഇറക്കിയത്. ആറു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വെയ് യിയെ ഗുകേഷ് തോല്‍പിച്ചത്. ചൈനയുമായുള്ള മത്സരത്തില്‍ ഇന്ത്യ 2.5-1.5 പോയിന്‍റുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഗുകേഷ് മാത്രമാണ് ജയിച്ചത്. പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല ഹരികൃഷ്ണ എന്നിവര്‍ ചൈനയുമായുള്ള മത്സരത്തില്‍സമനില പാലിച്ചു.
ലോകകിരീടത്തിനുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമാക്കിവെച്ച് ചൈന
പൊതുവേ ചൈന ഡിങ്ങ് ലിറനെ ചെസ് ഒളിമ്പ്യാഡിലെ കളികള്‍ക്ക് ഇറക്കുന്നില്ല. കാരണം ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ഡിങ്ങ് ലിറന്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ പുറത്താകാതിരിക്കാനാണെന്നാണ് പറയുന്നത്. ചൈനയുടെ ഈ തന്ത്രം പക്ഷെ ചൈനയുടെ ചെസ് ഒളിമ്പ്യാഡിലെ വിജയത്തെ ബാധിക്കുകയാണ്. ഡിങ് ലിറന്‍ കളിക്കാത്തതിനാല്‍ പല കളികളിലും ചൈന തോല്‍ക്കുകയാണ്. അവര്‍ക്ക് അര്‍ഹമായ വിജയം ചെസ് ഒളിമ്പ്യാഡില്‍ നഷ്ടപ്പെടുകയാണ്. ഇതിനെതിരെ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനവും ഉയരുന്നു.
ഡിങ്ങ് ലിറന്‍ ചെസിലെ ആക്സിഡന്‍റല്‍ ലോകചാമ്പ്യന്‍
ആദ്യമായാണ് ഒരു ചൈനക്കാരന്‍ ചെസില്‍ ലോകചാമ്പ്യനായത് എന്നതിനാല്‍ ചൈന ബുദ്ധിയുടെ കളിയായ ചെസിലെ മേധാവിത്വം ഉപയോഗിച്ച് രാജ്യത്തിന്റെ ബ്രാന്‍റ് മൂല്യം ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ വീണ്ടും ലോകകപ്പ് നിലനിര്‍ത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. പക്ഷെ കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്. യാദൃച്ഛികമായി ലോക ചാമ്പ്യനായ കളിക്കാരനാണ് ചൈനയുടെ ഡിങ്ങ് ലിറന്‍. ശരിക്കും ആക്സിഡന്‍റല്‍ വേള്‍ഡ് ചാമ്പ്യന്‍. ഒട്ടേറെ വിധികളുടെ തുണയാണ് ഡിങ്ങ് ലിറനെ ലോകചാമ്പ്യന്‍ പട്ടത്തില്‍ എത്തിച്ചത്. അതില്‍ പ്രധാനം അജയ്യനായ മാഗ്നസ് കാള്‍സന്‍ ചെസില്‍ ലോകകിരീടത്തിന് പോരാടേണ്ട എന്ന തീരുമാനം എടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക