എറണാകുളം :അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം പിടിച്ച കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത്.
നേരത്തേ കവിയൂര്‍ പൊന്നമ്മയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കുകാണാന്‍ കളമശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മുതല്‍ 12 മണി വരെയായിരുന്നു പൊതുദര്‍ശനം.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ്, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് സമര്‍പ്പിച്ചു.മന്ത്രി മുഹമ്മദ് റിയാസ്,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദ്ദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്‌ക്ക് എത്തിച്ചത്.
അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരണം. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് അര്‍ബുദം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: