ലോകത്തിലെ ഏറ്റവും വലിയ Consulting, Finance കമ്പനികളിൽ ഒന്നായ ഏൺസ്റ്റ് ആന്റ് യങ്ങിന്റെ (Ernst & Young) പൂനെയിലെ ജീവനക്കാരിയായിരുന്ന ‘അന്ന സെബാസ്റ്റ്യന്റെ’ ഹൃദയാഘത്തെ തുടർന്ന് ഉണ്ടായ മരണം ദുഃഖകരമാണ്.
ചാർട്ടേഡ് അക്കൗണ്ടന്റ് കൂടി ആയ ‘അന്ന’യുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് കുടുംബം പറയുന്നു.
2006 ൽ ഇതേ ദിവസം ആണ് ഞാൻ ഫിനാൻസ് മേഖലയിൽ ജോലിക്ക് കയറുന്നത്. സ്വകാര്യ മേഖലയിലും, പൊതുമേഖലയിലും, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്മെന്റ്റ്റിന്റെ കീഴിലും പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ ചിലത് പറയാം :-
കണ്ണഞ്ചിപ്പിക്കുന്ന ഓഫീസ് കെട്ടിടങ്ങളും, ഓഫീസ് പാർട്ടികളും, ശമ്പളവും മാത്രമേ എല്ലാവരും കാണൂ. യാഥാർഥ്യം മറ്റൊന്നാണ്.
കോർപ്പറേറ്റ് മേഖലയിലെ ജോലി എന്നത് അതീവ സമ്മർദ്ദം നിറഞ്ഞതാണ്. അതേ സമ്മർദ്ദം തന്നെയാണ് ഇപ്പോൾ ബാങ്കുകൾ അടക്കമുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും. ഈ സാഹചര്യം ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ലോകത്ത് എല്ലായിടത്തും നിലനിൽക്കുന്നത് ഇതേ അവസ്ഥ തന്നെയാണ്. അത് ഒരിക്കലും മാറില്ല എന്ന യാഥാർഥ്യം തിരിച്ചറിയണം.
ശമ്പളം കൂടും തോറും ജോലിയുടെ സമ്മർദവും കൂടും. ട്രെയിനി ആയി ജോലിക്ക് കയറുമ്പോൾ നിങ്ങളെ കൊണ്ട് പരമാവധി ജോലി ചെയ്യിക്കുക ആകും കമ്പനികൾ ചെയ്യിക്കുക. ആ സമ്മർദ്ദങ്ങളെ നേരിടുക എന്ന മാർഗം മാത്രമേ ഉള്ളൂ നിങ്ങളുടെ മുന്നിൽ. സമ്മർദ്ദങ്ങളെ നേരിടുക എന്നത് ഒരു സ്കിൽ തന്നെയാണ്. അത് ആർജിച്ചെടുക്കാൻ പരമാവധി ശ്രമിക്കുക. അതിന് കഴിയാതെ വന്നാൽ രണ്ടാമത്തെ മാർഗം ജോലി രാജി വെയ്‌ക്കുക എന്നതാണ്. മാനസീകമായും, ശരീരികമായും നിങ്ങൾ തളർന്നു എന്ന് കണ്ടാൽ പിന്നെ തുടരരുത്.
ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഒരു വൃത്തികെട്ട സ്വഭാവം ആണ് ജോലിയോടുള്ള ‘അമിതമായ ആത്മാർത്ഥത’. ‘ ഞാൻ ജോലിക്ക് ചെന്നില്ല എങ്കിൽ അവിടെ ഒന്നും നടക്കില്ല ‘ എന്ന ചിന്തയാണ് പലർക്കും. അതാണ് സ്ഥാപനങ്ങൾ മൊതലെടുക്കുന്നത്. പട്ടിയെ പോലെ പണി എടുക്കുന്നതല്ല പ്രൊഫഷണലിസം.
നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് പൂവിന്റെ പടം വെച്ച് ഒരു അനുശോചന സന്ദേശം ഉണ്ടാകും. നാളെ നിങ്ങൾക്ക് പകരം മറ്റൊരാൾ ജോലി ചെയ്യും. നിങ്ങൾ ഇല്ലാത്തത് കൊണ്ട് കമ്പനി തകർന്ന് പോകുകയും ഇല്ല.
പട്ടിപ്പണി എടുക്കുന്നവർ ജീവിതകാലം മുഴുവൻ പട്ടിപ്പണി എടുക്കേണ്ടി വരും.
ജോലി സമ്മർദം കൊണ്ട് ജോലി രാജിവെച്ചു ചെറിയ ജോലിയിലേക്ക് മാറാനോ, അല്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും ഒരു സംരഭം തുടങ്ങാനോ ആരും തയാറാകാത്തതിന് കാരണം ജോലിക്ക് കയറി ഉടൻ എടുത്തു കൂട്ടുന്ന ലോണുകൾ ആണ്.
ജോലിക്ക് കയറി ആദ്യ 3 വർഷം കൊണ്ട് തന്നെ കുറഞ്ഞത് 75 ലക്ഷം രൂപയുടെ housing ലോൺ, 15 ലക്ഷം രൂപയുടെ കാർ ലോൺ, 7 ലക്ഷം രൂപ സ്റ്റാഫ് ഓവർ ഡ്രാഫ്റ്റ് എല്ലാം എടുത്തിട്ടുണ്ടാകും. പിന്നെ എങ്ങനെ രാജി വെയ്‌ക്കാൻ ആണ്..? ജീവിതകാലം മുഴുവൻ ജോലി ചെയ്താലും ആ കടങ്ങൾ തീരില്ല.
ഇത്തരം ലോണുകൾ എടുക്കേണ്ട എന്ന് നമ്മൾ ആഗ്രഹിച്ചാലും, നമ്മളെ കൊണ്ട് ആ ട്രാപ്പിൽ പെടുത്തിയിരിക്കും ചില സാഹചര്യങ്ങൾ.
അങ്ങനെ വരുമ്പോൾ എത്ര സമ്മർദ്ദം ഉണ്ടായാലും ജോലി തുടരുക തന്നെ വേണം. ‘No’ പറയാൻ ഉള്ള മടി മറ്റൊരു പ്രശ്നമാണ്.
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ശീലമാക്കുക. ആയിരം പേർ സമ്മർദ്ദം ചെലുത്തിയാലും തീരുമാനം എടുക്കുന്നത് നമ്മൾ ആയിരിക്കണം.
ജോലിക്ക് കയറി ആദ്യ 15 കൊല്ലം ഒരു രൂപയുടെ ലോൺ പോലും എടുക്കരുത്. നല്ല ഒരു SIP ഉണ്ടെങ്കിൽ 15 കൊല്ലത്തെ ഇൻവെസ്റ്റ്മെന്റ് കൊണ്ട് നിങ്ങൾക്ക് തന്നെ ചെറിയ ഒരു വീട് വെയ്‌ക്കാൻ സാധിക്കും.
കാർ ദിവസവും ഉപയോഗിക്കുന്നില്ല എങ്കിൽ ഒരിക്കലും സ്വന്തമായി കാർ വാങ്ങിക്കരുത്. യൂബർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് ലാഭകരം.
ജോലി ചെയ്യുന്ന സ്ഥാപനവുമായി ഒരു തരത്തിൽ ഉള്ള ഇമോഷണൽ ബോണ്ടിങ്ങും ഉണ്ടാക്കരുത്. നിങ്ങൾ ജോലി ചെയ്താൽ കമ്പനി ശമ്പളം തരും. നിങ്ങൾ പോയാൽ കമ്പനിക്ക് മറ്റൊരാൾ, എന്ന് മനസിലാക്കുക.
ഒരു ലീവും ബാക്കി വെയ്‌ക്കരുത്. ലീവ് കിട്ടില്ല എന്ന് കണ്ടാൽ മെഡിക്കൽ ലീവ് എടുക്കുക.
രണ്ട് മാസം കൂടുമ്പോൾ എങ്കിലും കുറച്ചു ദിവസം ലീവ് എടുത്ത്, ഒഫീഷ്യൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് എവിടെയെങ്കിലും ചെറിയ യാത്രകൾ പോകുക.
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവർ സഹപ്രവർത്തകർ മാത്രമാണ്, നിങ്ങളുടെ സുഹൃത്തുക്കൾ അല്ല എന്നത് മനസിലാക്കുക. നമ്മുടെ തീരുമാനങ്ങൾ, അടുത്ത നീക്കം ആരെയും അറിയിക്കരുത്.
താൻ ഒരു കറവപ്പശു അല്ല എന്ന് വീട്ടുകാരോട് മുഖത്ത് നോക്കി പറയേണ്ട സാഹചര്യം വന്നാൽ അത് പറയുക തന്നെ വേണം.
വരുമാനത്തിന് അനുസരിച്ചു മാത്രം ചെലവഴിക്കുക. വരുമനത്തിന്റെ 30% എങ്കിലും Long term നിക്ഷേപം ആയി invest ചെയ്യുക.
കടം കൊടുക്കരുത്, വാങ്ങരുത്. കൊടുത്താൽ തന്നെ അത് തിരിച്ചു കിട്ടില്ല എന്ന് കരുതി കൊടുക്കുക.
Self love എന്നൊരു കാര്യം ഉണ്ട് എന്നത് മറക്കരുത്. മറ്റുള്ളവർക്ക് വേണ്ടി നരകിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം.
ഒരിക്കലും ജോലിയെയോ, സ്ഥാപനത്തെയോ സ്നേഹിക്കരുത്. ഞാനാണ് ആദ്യം ഓഫീസിൽ എത്തുന്നത്, അവസാനം പോകുന്നതും ഞാനാണ്, ഞാൻ ഇല്ലെങ്കിൽ കമ്പനിയിൽ ഒന്നും നടക്കില്ല എന്നൊക്കെയുള്ള ധാരണ ഒക്കെ മാറ്റണം.
പ്രൊഫഷണൽ ആകേണ്ടത് നമ്മൾ ആണ്. കമ്പനിയും, കൂടെയുള്ള സഹപ്രവർത്തകരും പ്രൊഫഷണൽ ആകും എന്ന് കരുതരുത്.
ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക, ജോലി ചെയ്യാൻ വേണ്ടി ജീവിക്കരുത്.
‘അന്ന സെബാസ്റ്റ്യന്’ ആദരാജ്ഞലികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: