തവാങ്: സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് അവസാന സമ്മാനമായി നൽകിയ ഇടമാണ് തവാങ്ങെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇവിടുത്തെ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിച്ച ‘സോൾ ഓഫ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് യാത്രയുടെ സമാപന വേളയിൽ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
തവാങ്ങിനെ ഇന്ത്യയുടെ ഭരണത്തിൻകീഴിൽ കൊണ്ടുവരുന്നതിൽ സർദാർ പട്ടേലും മേജർ ബോബ് ഖാത്തിങ്ങും നൽകിയ സംഭാവനകൾ ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ജനങ്ങൾക്ക് ഈ വിവരം അജ്ഞാതമായി തുടരുകയാണെന്നും ഖണ്ഡു പറഞ്ഞു. ഈ സാഹചര്യത്തിൽ ഇവിടെ പൂർത്തിയായി കൊണ്ടിരിക്കുന്ന മേജർ റാലെങ്‌നാവോ ബോബ് ഖാതിംഗ് മ്യൂസിയം ഏറെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തവാങ്ങിൽ മേജർ റാലെങ്‌നാവോ ബോബ് ഖാതിംഗ് മ്യൂസിയം സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ റാലിയിൽ പങ്കെടുത്ത സോൾ ഓഫ് ഇന്ത്യ റൈഡിലെ റൈഡേഴ്സിന് അദ്ദേഹം നന്ദി അറിയിച്ചു. ഈ മ്യൂസിയം യാഥാർത്ഥ്യമാകുന്നതോടെ സർദാർ പട്ടേലിന്റെയും മേജർ ഖാതിംഗിന്റെയും സംഭാവനകളെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്താനും അത് ജനങ്ങളിലേക്ക് കൊണ്ടുവരാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു രാഷ്‌ട്രത്തിന്റെ വികാരം അറിയിക്കുന്നതിനും ഇന്ത്യയുടെ ഐക്യത്തിന്റെയും നാനാത്വത്തിന്റെയും വിശാലമായ കഥ വിവരിക്കുന്നതിനുമുള്ള മ്യൂസിയത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഓരോ സംസ്ഥാനത്തെയും പ്രമുഖ സ്ഥലങ്ങളിൽ നിന്നുള്ള മണ്ണ് സൂക്ഷിക്കുന്ന ഒരു ‘സോൾ ഓഫ് ഇന്ത്യയുടെ’ ഇടം മ്യൂസിയത്തിന്റെ ഭാഗമായി വിഭാവനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ആശയം പ്രവർത്തനക്ഷമമാക്കാൻ സോൾ ഓഫ് ഇന്ത്യ റൈഡ് തയ്യാറാക്കി. തുടർന്ന് കഴിഞ്ഞ ജൂൺ 13ന് റോയൽ അരുണാചൽ റൈഡേഴ്‌സിൽ നിന്നുള്ള മൂന്ന് റൈഡർമാരുടെ സംഘം പര്യടനം ആരംഭിച്ചു. ഒരു മാസത്തിലേറെയായി അവർ വിവിധ പ്രദേശങ്ങളിൽ നിന്ന് മണ്ണ് ശേഖരിക്കുന്നതിനായി 12,000 കിലോമീറ്റർ സഞ്ചരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന ഇടങ്ങളിൽ നിന്നുള്ള മണ്ണ് അടങ്ങിയ മൊത്തം 36 ജാറുകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി. ഇവ മ്യൂസിയത്തിലെ സോൾ ഓഫ് ഇന്ത്യ ഇടങ്ങളിൽ പ്രദർശിപ്പിക്കും. സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31-ന് മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് പദ്ധതിയെന്ന് അദ്ദേഹം അറിയിച്ചു.
പിന്നീട് ഖണ്ഡു നിർമ്മാണത്തിലിരിക്കുന്ന മ്യൂസിയത്തിന്റെ സ്ഥിതി വിശദമായി പരിശോധിച്ചു. ഡെപ്യൂട്ടി കമ്മീഷണർ കാങ്കി ദരംഗ്, 190 മൗണ്ടൻ ബ്രിഗേഡ് കമാൻഡർ ബ്രിഗ് വിപുൽ സിംഗ് രാജ്പുത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: