പട്യാല : പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിലെ പാകിസ്ഥാൻ അതിർത്തിക്ക് സമീപം 2.8 കിലോയിലധികം ഭാരമുള്ള അഞ്ച് പാക്കറ്റ് ഹെറോയിൻ ബിഎസ്എഫും പഞ്ചാബ് പോലീസും ചേർന്ന് വെള്ളിയാഴ്ച പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും സേന കണ്ടെടുത്തു.
ചെക്ക് പോസ്റ്റിൽ നിരീക്ഷണം നടത്തവെ അതിർത്തിയിൽ നിന്നും മോട്ടോർ സൈക്കിളിൽ രണ്ട് പേർ സംശയാസ്പദമായ രീതിയിൽ വരുന്നത് കണ്ടു. തുടർന്ന് സൈന്യം ഇവരോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഉടൻ തന്നെ ബിഎസ്എഫ് സൈനികർ ബൈക്ക് പിടിച്ചെടുത്തു പരിശോധിച്ചു. പിന്നീട് പഞ്ചാബ് പോലീസുമായി സഹകരിച്ച് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്ന് അഞ്ച് ചെറിയ പാക്കറ്റ് ഹെറോയിൻ കണ്ടെടുത്തു. മഞ്ഞ പശ ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന്.
നേരത്തെ ബിഎസ്എഫ് സൈനികർ ഞായറാഴ്ച തർൺ തരൺ അതിർത്തിയിൽ രാത്രികാല പട്രോളിംഗിനും തിരച്ചിലിനുമിടയിൽ രണ്ട് ഹെറോയിൻ പാക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. നൗഷേര ധല്ല ഗ്രാമത്തിന് സമീപമുള്ള അതിർത്തി പ്രദേശത്താണ് പാക്കറ്റുകൾ കണ്ടെത്തിയത്. 1.146 കിലോഗ്രാം ആയിരുന്നു ഹെറോയിന്റെ ആകെ ഭാരം.
പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളെ ബിഎസ്എഫ് ശക്തമായിട്ടാണ് പ്രതിരോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: