പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തെഞ്ഞെടുപ്പ് നടക്കുകയാണ്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കശ്മീരിന്റെ ചരിത്രത്തില്‍ അത് നിര്‍ണായകമാകും. ബിജെപി ഒരു വശത്തും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മറുവശത്തും നിന്നുള്ള പോരാട്ടം. കശ്മീര്‍ ജനത ആരുടെ കൂടെ എന്നറിയാന്‍ ഫലം വരുന്നതുവരെ കാത്തിരിക്കണം. എന്നാല്‍ പാകിസ്ഥാന് ആര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് പാകിസ്ഥാനൊപ്പമോ എന്നും അറിയാന്‍ കാത്തിരിപ്പൊന്നും വേണ്ട. പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പരസ്യമായി പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഖവാജ പറഞ്ഞത് ഇങ്ങനെ : ‘കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ സ്വരമാണ്, കോണ്‍ഗ്രസ് സഖ്യം ജയിക്കണമെന്നാണ് ആഗ്രഹം, അതിന് സാധ്യതയുണ്ട്. ‘
പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ കോണ്‍ഗ്രസിനുവേണ്ടി അരയും തലയും മുറുക്കി കളത്തിലിറങ്ങി എന്നു ചുരുക്കം. ആര്‍ട്ടിക്കിള്‍ 370 തെരഞ്ഞെടുപ്പ് വിഷയമാക്കിയെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ പുനഃസ്ഥാപിക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിനും പാകിസ്ഥാനും ഒരേ നിലപാടാണെന്നും ആസിഫ് പറയുന്നു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നത് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും മെഹബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രകടനപത്രികകളില്‍ പ്രധാന വാഗ്ദാനമായിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാനപദവിക്കുള്ള അവകാശം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്കി ആ സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണ്. പതിറ്റാണ്ട് നീണ്ട തെറ്റ് നരേന്ദ്രമോദി സര്‍ക്കാര്‍ തിരുത്തി. നെഹ്റു പുനര്‍ജന്മംകൊണ്ടു വന്നാല്‍ പോലും 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക സാധ്യമല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചിട്ടും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുന്നത് പാകിസ്ഥാനെ സഹായിക്കാനാണെന്നത് പച്ചപ്പരമാര്‍ത്ഥം. ഭാരത വിരുദ്ധ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ വോട്ടുകള്‍ക്കായി കശ്മീരിനെ പണയപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് രാഹുലും സംഘവും പലതവണ തെളിയിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര പോലീസിലെ ആര്‍എസ്എസ് അനുഭാവിയായ പോലീസുകാരന്റെ വെടിയേറ്റാണ് കര്‍ക്കറെ മരിച്ചതെന്നും അജ്മല്‍ കസബിന്റെ ആക്രമണത്തില്‍ അല്ലെന്നും പാകിസ്ഥാന്റെ വാദം അതേപടി ഉദ്ധരിച്ച് ഭാരതത്തിനെതിരെ പ്രസ്താവന നടത്താന്‍ യാതൊരു നാണവുമില്ലാത്ത നേതാക്കളുടെ താവളമായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. പാകിസ്ഥാനുമായി ഭാരതം സമാധാന ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്നുമാണ് മണിശങ്കര്‍ അയ്യര്‍ ഭാരതത്തിന് നല്കുന്ന മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൈയില്‍ അണുബോംബുകള്‍ ഉണ്ടെന്നും മോദി സര്‍ക്കാര്‍ പ്രകോപിപ്പിച്ചാല്‍ അവര്‍ അത് ഭാരതത്തിന് നേരെ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു മണിശങ്കര്‍. ഭാരതം സൈനികശക്തി വര്‍ധിപ്പിക്കുന്നത് ഈ മേഖലയിലെ പിരിമുറുക്കം കൂട്ടുമെന്നും അതുകൊണ്ട് സൈനിക ശക്തി വര്‍ദ്ധിപ്പിക്കരുതെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നുമാണ് അയ്യരുടെ ഉപദേശം.
കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പാകിസ്ഥാന് അജണ്ട കളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം തെളിയിക്കുന്നതാണ് പാകിസ്ഥാന് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ഫാറൂഖ് അബ്ദുള്ളയും നെഹ്റു കുടുംബവും ജമ്മു കശ്മീരില്‍ തടസ്സവും അസ്വസ്ഥതയും ഉണ്ടാക്കാന്‍ പാകിസ്ഥാന് സേനയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന ആരോപണത്തിന് ഇത് സാധുത നല്കുന്നു.
ജമ്മു കശ്മീരിന്റെ ശരിയായ വികസനവും പുരോഗതിയും ഇല്ലാതാക്കാന്‍ പാകിസ്ഥാനിലെ ഐഎസ്ഐ നിര്‍ദ്ദേശിച്ച അജണ്ടയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് മുന്‍കാലങ്ങളിലും അബ്ദുള്ളമാര്‍ വ്യക്തമായി തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ചെലവില്‍, തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ജമ്മു കശ്മീര്‍ ഭരിക്കുക എന്നത് അബ്ദുള്ളമാരുടെയും കോണ്‍ഗ്രസിന്റേയും പ്രധാന അജണ്ടയാണ്.
‘ജമ്മു കശ്മീരില്‍ പാകിസ്ഥാന് അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസും എന്‍സിയും ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത് അനുവദിക്കില്ല. ലോകത്തിലെ ഒരു ശക്തിക്കും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല,’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മറുപടിക്കപ്പുറം ഒന്നും പറയേണ്ടതില്ല. ശത്രുക്കളെ ഭയപ്പെട്ട് പിന്തിരിഞ്ഞോടി പിന്നില്‍ വെട്ടുകൊണ്ടുവന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല, മുന്നില്‍ വെട്ടു കൊണ്ട് മരിച്ചു വീണാലും പിറന്ന നാടിനെ രക്ഷിക്കും എന്ന ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുന്ന ഭാരതീയ പാരമ്പര്യമാണ് നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്നത്. ഇത് പുതിയ ഭാരതമാണ്. എല്ലാവരോടും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തന്നെയാണ് നിലപാട്. എല്ലാക്കാലവും അടിമത്തമനോഭാവം മനസ്സില്‍ പേറി വിദേശികളുടെ കാല്ക്കീഴില് ഞെരിഞ്ഞമര്‍ന്നിരുന്ന കോണ്‍ഗ്രസിന് അത് മനസ്സിലാവില്ല. പക്ഷെ, ജനം അത് തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: