Football

സൂപ്പര്‍ ലീഗ് കേരള: വലകുലുക്കാനാകാതെ മലപ്പുറവും തൃശൂരും

Published by

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ മലപ്പുറം എഫ്‌സിയും തൃശ്ശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഗോലില്ലാമത്സരമായി തീര്‍ന്നു. ഇതോടെ നാലു പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്ത് തുടര്‍ന്നു. സമനിലയെ തുടര്‍ന്ന് തൃശ്ശൂര്‍ ആദ്യ പോയിന്റ് സ്വന്തമാക്കി.

കഴിഞ്ഞ കളിയില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് മലപ്പുറം ഇറങ്ങിയത്. ഗോളി വി. മിഥുനിനെ മാറ്റി ടെന്‍സിന്‍ സാംഡുപിനെ പരീക്ഷിച്ചു. മുന്നേറ്റ താരം റിസ്വാന്‍ അലിക്കു പകരം ബുജൈര്‍ വലിയാട്ട് ഇറങ്ങി. മിഡ് ഫീല്‍ഡര്‍ അജിത് കുമാറും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അവസരം ഇരു കൂട്ടര്‍ക്കും ഒരുപോലെ വന്നു. പന്തടക്കവും സമം. പക്ഷെ ഗോള്‍ മാത്രം വീണില്ല.

21-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ സ്പാനിഷ് താരം മാന്‍സിക്കിന് മികച്ചൊരു അവസരം ലഭിച്ചു. ബോക്‌സിനു പുറത്തു രണ്ടു പ്രതിരോധ താരങ്ങള്‍ മാത്രം നില്‍ക്കെ പന്തുമായി കുതിച്ച താരത്തിന്റെ ഷോട്ട് പറന്നത് പുറത്തേക്ക്.

രണ്ടു മിനിറ്റുകള്‍ക്കു ശേഷം മാന്‍സി വലതു മൂലയില്‍ നിന്ന് താഴ്‌ത്തി നല്‍കിയ ക്രോസ് അല്‍ഡാലൂര്‍ ബോക്‌സിലേക്ക് ചാടി വന്ന് ശ്രമം നടത്തിയെങ്കിലും തൃശ്ശൂര്‍ ഗോളി ജെയ്മി ജോയി പന്ത് കൈക്കലാക്കി. 36-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ ക്യാപ്റ്റന്‍ സി.കെ. വിനീതിനും അവസരം ലഭിച്ചു. ഗോള്‍ ശ്രമം മണത്ത ഗോളി ടെന്‍സിന്‍ സാംഡുപ് മുന്നോട്ട് വന്നു പന്ത് തട്ടിയെടുത്തു. 41-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ ബുജൈര്‍ വലിയാട്ട് തൊടുത്ത ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. രണ്ടാം പകുതിയില്‍ പന്തടക്കം മലപ്പുറത്തിനായിരുന്നു. 79-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ പോസ്റ്റില്‍ നടന്ന കൂട്ടപ്പൊരിച്ചിലില്‍ മാന്‍സിയെ തേടി വീണ്ടുമൊരു അവസരം വന്നു. പക്ഷെ ഷോട്ട് വീണ്ടും പുറത്തേക്കാണ് പോയതെന്ന് മാത്രം. കളിയുടെ അവസാന സമയത്തു സി.കെ. വിനീതിന്റെ ലോങ് റേഞ്ചര്‍ ഗോളി തടുത്തിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by