അമരാവതി : രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സനാതന ധർമ സംരക്ഷണ ബോർഡ് രൂപീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ആവശ്യപ്പെട്ടു. തന്റെ എക്‌സിലെ ഒരു പോസ്റ്റിലാണ് പവൻ കല്യാൺ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുപ്പതിയിൽ നടന്നുകൊണ്ടിരിക്കുന്ന ലഡ്ഡു വിവാദത്തിൽ കർശനമായ നടപടി ഉറപ്പുനൽകുകയും ക്ഷേത്രങ്ങൾ നശിപ്പിക്കൽ, അതിന്റെ ഭൂമി പ്രശ്‌നങ്ങൾ, മറ്റ് ധാർമിക ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു.
തിരുപ്പതി ബാലാജി പ്രസാദിൽ മൃഗക്കൊഴുപ്പ് , മീൻ എണ്ണ കലർന്നതായി കണ്ടെത്തിയതിൽ എല്ലാവരും അഗാധമായി അസ്വസ്ഥരാണ്. അന്ന് ജഗൻ മോഹൻ സർക്കാർ രൂപീകരിച്ച ടിടിഡി ബോർഡ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതാണ്. അതേ സമയം വിഷയത്തിൽ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കാൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഈ വിഷയം വന്നതിലൂടെ രാജ്യത്തെ ക്ഷേത്രങ്ങളുടെ അശുദ്ധീകരണത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രശ്‌നങ്ങളിലേക്കും അതിന്റെ ഭൂമി പ്രശ്‌നങ്ങളിലേക്കും മറ്റ് ധാർമിക ആചാരങ്ങളിലേക്കും വെളിച്ചം വീശുന്നതായും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിശോധിക്കാൻ ദേശീയ തലത്തിൽ ഒരു സനാതന ധർമ സംരക്ഷണ ബോർഡ് രൂപീകരിക്കേണ്ട സമയമായേക്കാമിതെന്നും പവൻ കല്യാൺ പറഞ്ഞു.
വിഷയത്തിൽ ദേശീയ തലത്തിൽ സംവാദത്തിന് ആഹ്വാനം ചെയ്ത ഉപമുഖ്യമന്ത്രി സനാതന ധർമ്മത്തെ ഏത് രൂപത്തിലും അവഹേളിക്കുന്നതിനെതിരെ കൂട്ടായ പോരാട്ടത്തിനും ആഹ്വാനം ചെയ്തു. ദേശീയ തലത്തിൽ എല്ലാവരും ചേർന്ന് ഒരു സംവാദം നടക്കേണ്ടതുണ്ട്. സനാതന ധർമ്മത്തെ ഏത് രൂപത്തിലായാലും അവഹേളിക്കുന്നത് അവസാനിപ്പിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നെയ്‌ക്ക് പകരം തിരുപ്പതി പ്രസാദത്തിൽ മുമ്പ് മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറയുന്ന വീഡിയോ ക്ലിപ്പ് വ്യാഴാഴ്ച നേരത്തെ മന്ത്രി നാരാ ലോകേഷ് പങ്കുവെച്ചിരുന്നു. തുടർന്നാണ് പ്രതിഷേധവും വിമർശനവുമായി പ്രമുഖരടക്കം നിരവധിപ്പേർ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: