കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്ക് തിരിച്ചടി. പി ജയരാജയനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി. കേസിൽ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കൾ കോടതിയെ സമീപിച്ചത്.
അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി.വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട ക്രൂരമായ വിചാരണയ്ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പയുന്നുണ്ട്.
എന്നാൽ തങ്ങൾക്കെതിരേ തെളിവില്ലാത്തതിനാൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഈ ആവശ്യം കോടതി നിരാകരിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാർഗം. അല്ലാത്തപക്ഷം ഇരുവർക്കും കേസിൽ വിചാരണ നേരിടേണ്ടിവരും. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരേ തെളിവുകളുള്ളതിനാൽ വിടുതൽ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2020 ഫെബ്രുവരി 20-നാണ് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. 34 പ്രതികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: