ന്യൂഡല്‍ഹി: ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ യൂണിറ്റിന്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബിഎ എസ്,കൂടാതെ മുൻ ദൗത്യങ്ങൾ എന്നിവയുടെ വികാസത്തിനും നിലവിലുള്ള ഗഗൻയാൻ ദൗത്യം നടപ്പിലാക്കുന്നതിനുള്ള അധിക ആവശ്യകതകൾ നിറവേറ്റുന്നതിനും ഗഗൻയാൻ പദ്ധതിയുടെ സാധ്യതയും ധനസഹായവും പരിഷ്കരിക്കുന്നതിനും തീരുമാനമായി.
ബി എ എസ് ,മുൻ ദൗത്യങ്ങൾ എന്നിവയുടെ വികസനം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യം പുനരവലോകനം ചെയ്യും. കൂടാതെ ബഹിരാകാശത്തേക്കുള്ള ആളില്ലാ ദൗത്യവും, നിലവിലുള്ള ഗഗൻയാൻ ദൗത്യത്തിന് വേണ്ട അധിക ഹാർഡ്‌വെയർ ആവശ്യകതയും ഇതിൽ ഉൾപ്പെടുത്തും. സാങ്കേതിക വികസനത്തിന്റെയും പ്രദർശനത്തിന്റെയും എട്ട് ദൗത്യങ്ങളിലൂടെ 2028 ഡിസംബറിൽ ബിഎഎസ്-1ന്റെ ആദ്യ യൂണിറ്റ് വിക്ഷേപിച്ച് കൊണ്ടാണ് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.
2018 ഡിസംബറിൽ അംഗീകരിച്ച ഗഗൻയാൻ ദൗത്യം, ബഹിരാകാശത്തിലെ ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) മനുഷ്യനെ എത്തിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ പര്യവേക്ഷണ പരിപാടിക്ക് ആവശ്യമായ സാങ്കേതികവിദ്യകളുടെ അടിത്തറ പാകാനും ലക്ഷ്യമിടുന്നതായിരുന്നു. അമൃതകാലത്തെ ഇന്ത്യയുടെ ബഹിരാകാശ കാഴ്ചപ്പാടിൽ, 2035-ഓടെ പ്രവർത്തനക്ഷമമായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കലും ഉൾപ്പെടുന്നു . ദീർഘകാലത്തേക്കുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രനിലേക്കും അതിനപ്പുറവുമുള്ള കൂടുതൽ പര്യവേഷണങ്ങളും നടത്താൻ, എല്ലാ മുൻനിര ബഹിരാകാശ യാത്രാ രാജ്യങ്ങളും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ഗണ്യമായ ശ്രമങ്ങളും നിക്ഷേപങ്ങളും നടത്തുന്നുണ്ട്.
വ്യവസായം, അക്കാദമി, മറ്റ് ദേശീയ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ഐഎസ്ആർഒ നയിക്കുന്ന ദേശീയ ശ്രമമായിരിക്കും ഗഗൻയാൻ. ഐഎസ്ആർഒയ്‌ക്കുള്ളിൽ സ്ഥാപിതമായ പ്രോജക്ട് മാനേജ്‌മെൻ്റ് സംവിധാനം വഴിയാണ് പരിപാടി നടപ്പിലാക്കുക. ദീർഘകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 2026-ഓടെ നടന്നുകൊണ്ടിരിക്കുന്ന ഗഗൻയാൻ പരിപാടിക്ക് കീഴിൽ ISRO നാല് ദൗത്യങ്ങളും BAS-ന്റെ ആദ്യ മൊഡ്യൂളിന്റെ വികസനവും നിർവഹിക്കും. 2028 ഡിസംബറോടെ നാല് ദൗത്യങ്ങൾ ഏറ്റെടുത്തു കൊണ്ട് BAS-നുള്ള വിവിധ സാങ്കേതിക വിദ്യകളുടെ പരീക്ഷണവും വിലയിരുത്തലും നടത്തും.
ലോ എർത്ത് ഓർബിറ്റിലേക്കുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക കഴിവുകൾ രാജ്യം നേടും. ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ പോലുള്ള ദേശീയ ബഹിരാകാശ അധിഷ്ഠിത സൗകര്യം, മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ഇത് സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടങ്ങളിലേക്ക് നയിക്കുകയും പ്രധാന മേഖലകളിലെ ഗവേഷണ- വികസന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മനുഷ്യ ബഹിരാകാശ പരിപാടിയിലെ വ്യാവസായിക പങ്കാളിത്തവും സാമ്പത്തിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നത് പ്രത്യേകിച്ച്, ബഹിരാകാശത്തും അനുബന്ധ മേഖലകളിലുമുള്ള ഉയർന്ന സാങ്കേതിക മേഖലകളിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
നേരത്തെ അംഗീകരിച്ച ഗഗൻയാൻ ദൗത്യത്തിൽ 11,170 കോടി രൂപയുടെ അധിക ധനസഹായത്തോടെ, പരിഷ്കരിച്ച ഗഗൻയാൻ ദൗത്യത്തിനുള്ള മൊത്തം ധനസഹായം 20,193 കോടി രൂപയായി ഉയർത്തി.
ഈ പദ്ധതി , രാജ്യത്തെ യുവാക്കൾക്ക് പ്രത്യേകിച്ച്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ തൊഴിൽ ഏറ്റെടുക്കാനും മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങളിൽ അവസരങ്ങൾ നേടാനും ഒരു അതുല്യമായ അവസരം നൽകും. തത്ഫലമായുണ്ടാകുന്ന നൂതനാശയങ്ങളും സാങ്കേതിക വിദ്യകളും സമൂഹത്തിന് വലിയ തോതിൽ പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: