ധ്യാനനിരതനായി ഇരിക്കുന്ന അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
ബുഡാപെസ്റ്റ് :ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 180 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ ആറ് കളികളിലും ജയിച്ച് 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്. വിയറ്റ്നാം, ചൈന, ഇറാന്‍ എന്നിവരാണ് 11.5 പോയിന്‍റോടെ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ നില‍്ക്കുന്നത്.
ഇന്ത്യയ്‌ക്ക് വേണ്ടി മൂന്നാം ബോര്‍ഡില്‍ കളിക്കുന്ന അര്‍ജുന്‍ എരിഗെയ്സി ആറ് കളികളിലും ഇന്ത്യയ്‌ക്ക് വിജയം നേടിക്കൊടുത്തിരിക്കുകയാണ്. അര്‍ജുന്‍ എരിഗെയ്സി ഇന്ത്യയില്‍ വിശ്വനാഥന്‍ ആനന്ദ് മാത്രം നേടിയ 2800 എന്ന ഇഎല്‍ഒ പോയിന്‍റിന് അരികില്‍ എത്തിയിരിക്കുകയാണ്. ഇത്രയും ഇഎല്‍ഒ പോയിന്‍റ് നേടിയാല്‍ അത് അര്‍ജുന്‍ എരിഗെയ്സി സൃഷ്ടിക്കുന്ന മറ്റൊരു ചരിത്രമാകും. ലൈവ് റാങ്കിങ്ങില്‍ ലോകത്തില്‍ തന്നെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ചെസ് ഒളിമ്പ്യാഡിലെ അപാരപ്രകടനത്തിലൂടെ അര്‍ജുന്‍ എരിഗെയ്സി. .
ഇനി അഞ്ച് റൗണ്ടുകള്‍ കൂടി ബാക്കിയിരിക്കെ, പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ പുരുഷ ടീം അപാരഫോമിലാണ്. . ഗുകേഷും പ്രജ്ഞാനന്ദയും വിദിത് ഗുജറാത്തിയും അവശ്യമെങ്കില്‍ വിജയവും അല്ലെങ്കില്‍ സമനിലയും പിടിച്ച് ഇന്ത്യന്‍ പുരുഷ ടീമിനെ ആറ് റൗണ്ടിലും വിജയിപ്പിച്ചു.
അഞ്ചാം റൗണ്ടില്‍ അസര്‍ ബൈജാനെ തോല്‍പിച്ച ഇന്ത്യന്‍ പുരുഷ ടീം ആറാം റൗണ്ടിലും വിജയം കൊയ്തു. ഏഴാം റൗണ്ടില്‍ ചൈനയെ ആണ് നേരിടുക.
ഇതിനിടെ ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 45ാമത് ചെസ് ഒളിമ്പ്യാഡില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ പുരുഷ,വനിതാ ടീമുകളെ അഭിനന്ദിച്ചു. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ) ലൈവ് റാങ്കിംഗില്‍ ലോകത്തിലെ നാലും (അര്‍ജുന്‍ എരിഗെയ്സി) അഞ്ചും (ഡി.ഗുകേഷ്) സ്ഥാനങ്ങളില്‍ എത്തിയ കാര്യവും തന്റെ പോസ്റ്റില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു.
സ്പോര്‍ട്സ് ജേണലിസ്റ്റായ സൂസന്‍ നൈനാന്‍ പങ്കുവെച്ച കുറിപ്പില്‍ രണ്ട് വര്‍ഷം മുന്‍പ് (2022ല്‍) ചെന്നൈയില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യ ഇക്കുറി ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രകടനം ഇക്കുറി മെച്ചപ്പെടുത്തുമെന്ന് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക