Kerala

രാഷ്‌ട്രീയ ഇസ്ലാമിനെതിരായ പി ജയരാജന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദീപിക, പോപ്പുലര്‍ഫ്രണ്ടിനെ പ്രതിരോധിക്കാനായില്ല,കാശ്മീരില്‍ ബിജെപിക്ക് സ്വീകാര്യത

പി ജയരാജന്‍ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാന്‍ ഇടയില്ലെന്ന വിമര്‍ശനവും മുഖപ്രസംഗത്തിലുണ്ട്

Published by

കൊച്ചി: രാഷ്‌ട്രീയ ഇസ്ലാം വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന സി പി എം നേതാവ് പി ജയരാജന്റെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്ത് കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി നീക്കാന്‍ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷയേകുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

എന്നാല്‍, പി ജയരാജന്‍ കണ്ട രാഷ്‌ട്രീയ ഇസ്ലാമിനെ സിപിഎം കാണാന്‍ ഇടയില്ലെന്ന വിമര്‍ശനവും മുഖപ്രസംഗത്തിലുണ്ട്. ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കാന്‍ മതേതര പാര്‍ട്ടികള്‍ വളംവെച്ചെന്ന വിമര്‍ശനം ഉളളപ്പോള്‍ ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാണ്. സഭാ നിലപാടുകള്‍ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇസ്‌ലാമിക തീവ്രവാദം ആഗോളതലത്തില്‍ വരുത്തിയ വിനാശങ്ങള്‍ക്കനുസരിച്ചു നിലപാടുകള്‍ നവീകരിക്കാതിരുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും. ഈ സമീപനം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലതുപക്ഷ ചിന്തകള്‍ക്കും രാഷ്‌ട്രീയത്തിനും വര്‍ഗീയതയ്‌ക്കും ചെയ്തുകൊടുത്ത സഹായം ചെറുതല്ല.അതേസമയം നിലപാടില്‍ ജയരാജന്‍ ഉറച്ചുനില്‍ക്കുമെന്നോ ഒരു മതേതര സമൂഹത്തിനുമേല്‍ ഇഴഞ്ഞുകയറിയ രാഷ്‌ട്രീയ ഇസ്‌ലാമിനെ സിപിഎമ്മും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും തള്ളിപ്പറയുമെന്നോ ഉറപ്പില്ലെന്ന് മുഖപ്രസംഗം പറയുന്നു.

കാശ്മീരില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കേണ്ടത് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ലെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വര്‍ധിച്ചു. പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും തീവ്രവാദത്തെ തരിമ്പും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.

കേരളം മാറിമാറി ഭരിച്ചവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കാനായില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പൊലിയുന്ന മനുഷ്യരെക്കുറിച്ചു പറയണമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകമെങ്ങും ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കുന്ന ക്രൈസ്തവരെക്കുറിച്ച് എഴുതുന്നില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശമമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക