ചെന്നൈ: തമിഴ്നാട് യുവജന, കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി എന്നാണ് വിവരം.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. മുതിര്‍ന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനംസജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല. പീന്നീടാണ് അദ്ദേഹത്തിന് കായി, യുവജന ക്ഷേമ വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തില്‍നിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിന്‍. നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളുകയായിരുന്നു.
എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: