Kerala

ദുരന്തഭൂമിയിലെ കള്ളക്കണക്ക്: പുറത്തായത് പിണറായിയുടെ പതിവ് തട്ടിപ്പ്

Published by

തിരുവനന്തപുരം: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കള്ളക്കണക്കിലൂടെ വെളിവായത് ദുരന്തത്തെ മുതലെടുക്കുന്ന പതിവ് നീക്കം. ഓഖി ചുഴലിക്കാറ്റിലും പ്രളയസമയത്തും കൊവിഡ് കാലത്തും പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയുടെ സമാനരീതി. സേവാഭാരതി ഉള്‍പ്പെടയുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യമായി സംസ്‌കരിച്ച മൃതദേഹങ്ങള്‍ക്കു പോലും വിലയിട്ട ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം.

75,000 രൂപ വരെ ഒരു മൃതദേഹം ദഹിപ്പിക്കാന്‍ ചെലവാക്കി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വൊളന്റിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കാന്‍ 10 കോടിയോളം ചെലവെന്നാണ് മറ്റൊരുകണക്ക്. മരിച്ചവരുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് വരെ മൂന്നുകോടി രൂപ ചെലവായി എന്നാണ് കണക്ക്. ആകെ 1220 കോടി രൂപയുടെ കണക്കാണ് കേന്ദ്രത്തിന് നല്‍കിയത്. തുടക്കത്തില്‍ രണ്ടായിരം കോടിയുടെ കണക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പതിവുപോലെ മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് പകരം സ്ഥലം, വീട് എന്നിവ നേരിട്ട് നല്‍കാന്‍ നിരവധി പേര്‍ സന്നദ്ധരായി. മാത്രമല്ല സ്ഥലം വാങ്ങി വീടുവച്ച് നല്‍കി ഒരു ടൗണ്‍ ഷിപ്പ് നിര്‍മ്മിച്ചാല്‍പ്പോലും 1000 കോടിക്ക് താഴെ മതിയെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധരും രംഗത്തെത്തി. ഇതോടെയാണ് കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ കള്ളക്കണക്ക് അവതരിപ്പിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കൊവിഡ് മഹാമാരി തുടങ്ങിയ ദുരന്ത സമയത്തെല്ലാം കള്ളക്കണക്കുകളാണ് പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടത്. ഓഖി ദുരിതത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് ശരിയായി വിനയോഗിക്കുന്നില്ലെന്ന് ആരോപിച്ച് ലത്തീന്‍ അതിരൂപതയും ദുരിത ബാധിതരും രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിന് ദുരിതാശ്വാസ നിധിയിലെത്തിയ ഫണ്ട് സിപിഎം അനുഭാവികള്‍ മുക്കി. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ നിധി കൃത്യമായി ലഭിച്ചതുമില്ല. കൊവിഡ് സമയത്ത് ഗ്ലൗസും പിപിഇ കിറ്റും വന്‍തുക കൂടുതല്‍ നല്‍കിയും ഇല്ലാത്ത കമ്പനിക്ക് ഓഡറുകള്‍ നല്‍കിയും വാങ്ങിയതില്‍ കോടികളുടെ അഴിമതി പുറത്തുവന്നു. കൊവിഡ് സമയത്ത് ആരോഗ്യവിവരങ്ങള്‍ വിദേശ കമ്പനിക്ക് നല്‍കാനുള്ള നീക്കവും നടത്തി. ഇതിനെല്ലാം പിന്നാലെയാണ് വയനാട് ഉരുള്‍പൊട്ടലിലും കോടികളുടെ കള്ളക്കണക്ക് നല്‍കി പണം വകമാറ്റാനൊരുങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക