മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ അപകടകാരിയായ എംപോക്സും റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ യുവാവിന് എംപോക്സ് ലക്ഷണങ്ങളാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്നു നാട്ടിലെത്തിയതാണ് യുവാവ്. മഞ്ചേരി മെഡി. കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെയാണ് ആദ്യം കണ്ടത്. പനിയുണ്ടായിരുന്നു. ചിക്കന്‍പോക്സ് ബാധിച്ചവരിലുള്ളതുപോലെ കൈയില്‍ ഒരു കുമിളയുണ്ടായിരുന്നു. തുടര്‍ന്ന് എംപോക്സ് ലക്ഷണങ്ങളാണോയെന്ന സംശയത്തില്‍ ഡോക്ടര്‍മാര്‍ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
യുവാവ് വിദേശത്തു നിന്നു വന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രോഗി വീട്ടില്‍ത്തന്നെ പ്രത്യേക മുറിയിലാണ് കഴിഞ്ഞിരുന്നത്. പ്രത്യേക ശൗചാലയം ഉപയോഗിക്കുകയും സ്വയം മുന്‍കരുതലെടുക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡി. കോളജിലെ പരിശോധനാ ഫലം വന്നാലേ രോഗ ബാധ സ്ഥിരീകരിക്കൂ. ഇപ്പോള്‍ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പും മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരും കരുതല്‍ നടപടികളെടുത്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിപ അടക്കമുള്ളവ ചര്‍ച്ച ചെയ്തെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലയില്‍ നിപ ഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ഭീഷണിയും. മലപ്പുറത്തു മരിച്ച 24കാരനു നിപ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് കളക്ടറുടെ ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: