തൃശ്ശൂര്‍: പി. ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനുമെതിരായ പി.വി. അന്‍വര്‍ എംഎല്‍എയുടെ പടയൊരുക്കത്തിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസും പിണറായിയുടെ പഴയ തോഴന് ഫാരിസ് അബൂബക്കറും.
അന്‍വര്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ നിലയ്ക്കാതായതോടെ വിഷമവൃത്തത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഫാരിസ് അബൂബക്കറിന്റെ ഇടപാടുകളില്‍ എഡിജിപി ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ഫാരിസുമായി അടുത്ത ബന്ധമുള്ളയാളാണ് മന്ത്രി മുഹമ്മദ് റിയാസ്. എഡിജിപി എം.ആര്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ഫാരീസിന്റെ ആവശ്യത്തിന് കൂട്ടുനില്‍ക്കാത്തതാണ് ശശിക്കെതിരായ വികാരത്തിന് കാരണം.
ലാവ്ലിന് കേസിന്റെ കാലഘട്ടം മുതല്‍ പിണറായി വിജയനുമായി അടുപ്പം സൂക്ഷിക്കുന്നയാളാണ് ഫാരിസ് അബൂബക്കര്‍. ഫാരിസിന്റെ ചെന്നൈയിലെ വസതിയില്‍ പിണറായി വിജയന് പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. ഫാരിസിന്റെ നോമിനിയായാണ് മന്ത്രി മുഹമ്മദ് റിയാസ് സിപിഎം നേതൃനിരയിലേക്ക് കടന്നുവരുന്നത്. വീണാ വിജയനെ വിവാഹം ചെയ്യുന്നതിന് മുന്‍പ് തന്നെ മുഹമ്മദ് റിയാസിന് അനര്‍ഹമായ പരിഗണന പാര്‍ട്ടിയില്‍ ലഭിച്ചിരുന്നു. വളരെ ജൂനിയര്‍ ആയ റിയാസിനെ കോഴിക്കോട് ലോക്സഭാ സീറ്റില്‍ മത്സരിപ്പിച്ചതും ഫാരിസിന്റെ ഇടപെടല്‍ മൂലമായിരുന്നു.
നിലവില്‍ പി. ശശിയെ കൈവിടാനും വയ്യ ഫാരിസിനെ പിണക്കാനും വയ്യ എന്ന അവസ്ഥയിലാണ് പിണറായി വിജയന്. ഫാരിസിന്റെയും മുഹമ്മദ് റിയാസിന്റെയും ഉറച്ച പിന്തുണയുള്ളതാണ് അന്‍വറിന്റെ ധൈര്യം. മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും വെടിനിര്‍ത്താന്‍ അന്‍വര്‍ കൂട്ടാക്കാത്തതും ഇതുമൂലമാണ്. പി.ശശിയും പിണറായി വിജയന് വളരെ വേണ്ടപ്പെട്ടയാളാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം കേസ് ഒതുക്കുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോപണ വിധേയനായി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ പി. ശശിയെ തിരിച്ചുകൊണ്ടുവന്നതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട തസ്തികയില്‍ നിയമിച്ചതും പിണറായി വിജയന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. ശശിയെയും ഫാരിസിനെയും തള്ളാനാകാത്ത വിഷമാവസ്ഥയിലാണ് പിണറായി വിജയന്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. പി.വി. അന്‍വര്‍ അതിരുകടക്കുന്നു എന്ന വികാരം എം.വി.ഗോവിന്ദനടക്കമുള്ള മുഴുവന്‍ പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ അന്‍വറിന് പിന്നിലുള്ള റിയാസിനെയും ഫാരിസ് അബൂബക്കറിനെയും ഭയന്ന് ഇവര്‍ പരസ്യമായി പ്രതികരിക്കാനും തയ്യാറാകുന്നില്ല. അന്‍വര്‍ കൂടുതല്‍ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. പി.ജയരാജന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മുഹമ്മദ് റിയാസിന്റെ വഴിവിട്ട ബന്ധങ്ങളില്‍ കടുത്ത അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: