ചെന്നൈ: തൊഴിലും പണവുമില്ലാതെ പട്ടിണിമൂലം ചെന്നൈയിൽ കുടുങ്ങിയ, പശ്ചിമ ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികൾക്ക് ഗവർണർ ആനന്ദബോസിന്റെ സഹായഹസ്തം.
കേരളത്തിൽ നിന്ന് കൊല്കത്തയിലേക്കുള്ള യാത്രയ്‌ക്കിടെ ചെന്നൈയിലെത്തിയ ഗവർണർ വിവരമറിഞ്ഞയുടൻ അവർക്ക് അടിയന്തരസഹായമെത്തിക്കുന്നതിന് നിർദ്ദേശം നൽകി.
ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികളാണ് ചെന്നൈയിൽ അവശനിലയിൽ കുടുങ്ങിയത്. വിശപ്പ് കാരണം റെയിൽവേ സ്റ്റേഷനിൽ തളർന്നുവീണ അഞ്ചുപേരെ ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴുപേരെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകളിൽ പ്രവേശിപ്പിച്ചു. യാത്രയ്‌ക്കിടെ അവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ ഗവർണർ ബോസ്, ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവർക്കെല്ലാം അടിയന്തര ധനസഹായം അനുവദിക്കുകയും ചെയ്തു.
പ്രാദേശിക അധികാരികളുമായും ചെന്നൈ കോർപ്പറേഷനിലെ സിറ്റി ഹെൽത്ത് ഓഫീസർ ഡോ.ജഗദീശനുമായും കൂടിയാലോചിച്ച് അവരുടെ പുനരധിവാസം ഏകോപിപ്പിക്കാൻ ഗവർണറുടെ നിയമോപദേശകയായ അഡ്വക്കേറ്റ് ഗോപിക നമ്പ്യാരെ അദ്ദേഹം ചുമതലപ്പെടുത്തി.
ഗണേഷ് മിധ (52) അസിത് പണ്ഡിറ്റ് (47), സത്യ പണ്ഡിറ്റ് (42), മാണിക് ഘോറോയ് (50), സമർ ഖാൻ (35) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്; അജിത് മൊണ്ടൽ (31), റാബിറായി (59), സനാതൻ ദാസ് (44), ശിശിർ മണ്ടി (31), കാബൂൾ ഖാൻ (43), അനുപ്രായ് (31) കാളിപാദ പണ്ഡിറ്റ് (49) എന്നിവർ അഭയകേന്ദ്രത്തിലും.
ആശുപത്രിയിൽ കഴിയുന്ന മൂന്ന് രോഗികൾക്ക് 25,000 രൂപ വീതം നൽകി. രണ്ടു രോഗികളുടെ നില ഗുരുതരമായതിനാൽ അവർക്കുള്ള ധനസഹായം (25,000 രൂപ വീതം) ആർ.എം.ഒയ്‌ക്ക് കൈമാറി. നഗരസഭയുടെ അഭയകേന്ദ്രത്തിൽ കഴിയുന്ന ഏഴുപേർക്ക് 10,000 രൂപ വീതം നൽകി.
ഏഴു പേരും ബംഗാളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ അറിയിച്ചതനുസരിച്ച് അവർക്കുള്ള ടിക്കറ്റ് ചിലവ് വഹിക്കാനും ഗവർണർ സഹായം അനുവദിച്ചു. അവർ നാട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോർപ്പറേഷൻ ഒരു കോൺസ്റ്റബിളിനെ ഏർപ്പാട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: