കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിലെ ആദ്യ പരാജയം ഞെട്ടിക്കുന്നതാണെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കല്‍ സ്റ്റാറെ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിയോട് 2-1ന്റെ പരാജയം ഏറ്റുവാങ്ങിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോച്ച് നിരാശ പ്രകടിപ്പിച്ചത്.
ആദ്യ 15-20 മിനിറ്റ് ഇരുടീമുകളും ഒരു പോലെ നിന്നു, ആദ്യ പകുതിയുടെ അവസാനത്തില്‍ പഞ്ചാബിന് മുന്‍തൂക്കം ഉണ്ടായിരുന്നു, പക്ഷേ അവര്‍ വ്യക്തമായ അവസരങ്ങള്‍ സൃഷ്ടിച്ചില്ല. അവരുടെ മിക്ക അവസരങ്ങളും സെറ്റ് പീസുകളില്‍ നിന്നായിരുന്നു. എന്നാല്‍ അത് ഞങ്ങളെ കൂടുതല്‍ വിഷമിപ്പിച്ചില്ല. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കമെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ പ്രതിരോധം പാളിയതാണ് തോല്‍വിക്ക് കാരണമായത്. പക്ഷേ അടുത്ത കളിയില്‍ ടീം തിരിച്ചുവരും കോച്ച് കൂട്ടിച്ചേര്‍ത്തു.
പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ടത്. അവസാന മിനിറ്റുകളില്‍ പഞ്ചാബ് എഫ്സിക്കായി ലൂക്ക മയ്‌സെന്‍, ഫിലിപ്പ് മിര്‍സില്‍ജാക്ക് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ജീസസ് ജിമെനെസിന്റെ ഹെഡര്‍ ഗോളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസം.
നായകന്‍ അഡ്രിയാന്‍ ലൂണയില്ലാതെ മൈതാനത്തിറങ്ങിയ ബ്ലാസ്റ്റേഴ്സ്ിന് മികച്ച ഒത്തിണക്കം പ്രകടിപ്പിക്കാനായില്ല. 85-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ മുഹമ്മദ് സഹീഫ് ബോക്‌സില്‍ വീഴ്‌ത്തുന്നതോടെയാണ് കളിക്ക് ചൂടുപിടിച്ചത്. ഈ ഫൗളിന് ലഭിച്ച പെനാല്‍റ്റി 86-ാം മിനിറ്റില്‍ ലൂക്ക ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍വീണതോടെ ജീവന്‍വെച്ച ബ്ലാസ്റ്റേഴ്‌സ് ആക്രമണം ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പ്രീതം കോട്ടാല്‍ വലതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ കിടിലനൊരു പാസ് ഉഗ്രന്‍ ഹെഡ്ഡറിലൂടെ ജിമെനെസ് പഞ്ചാബ് വല കുലുക്കി. എന്നാല്‍ മൂന്നു മിനിറ്റിനകം ഗാലറിയെ നിശബ്ദരാക്കി പഞ്ചാബ് വിജയഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: