Sports

നീരജ് ചോപ്ര മത്സരിച്ചത് ഒടിഞ്ഞ കൈവിരലുമായി

Published by

ബ്രസല്‍സ്: ഡയമണ്ട് ലീഗ് ഫൈനലില്‍ ഭാരതത്തിന്റെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര മത്സരിച്ചത് ഒടിഞ്ഞ കൈവിരലുമായി. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫൈനലില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കേവലം ഒരു സെന്റിമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനാഡയുടെ ആന്‍ഡേഴ്സ് പീറ്റേഴ്സണ്‍ ഒന്നാമതെത്തിയപ്പോള്‍ നീരജ് എറിഞ്ഞത് 87.86 സെന്റി മീറ്റര്‍. 86.82 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടര്‍ന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തി. രണ്ടാം തവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്. ഫൈനലിനു ശേഷം എക്‌സിലൂടെയാണ് നീരജ് താന്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായിട്ടാണെന്ന് വെളിപ്പെടുത്തിയത്. കൈപ്പത്തിയുടെ എക്‌സറേ അടക്കം ഉള്‍പ്പെടുത്തിയാണ് നീരജിന്റെ പോസ്റ്റ്.

നീരജിന്റെ മോതിര വിരലിനാണ് പൊട്ടലേറ്റത്. പരിശീലനത്തിനിടെയായിരുന്നു പരിക്ക്. ഇത് വകവെയ്‌ക്കാതെ ഫൈനലിനിറങ്ങിയ താരം ത്രോകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. സീസണിലെ അവസാന പോരാട്ടമായിരുന്നതിനാല്‍ പരിക്ക് വകവയ്‌ക്കാതെ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നീരജ് വ്യക്തമാക്കി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യതനേടിയ ഏഴുപേരാണ് ഫൈനലില്‍ മത്സരിച്ചത്. ദോഹ, ലൂസെയ്ന്‍ ലീഗുകളില്‍ രണ്ടാംസ്ഥാനം നേടി നാലാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2022-ല്‍ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഫൈനലില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇക്കഴിഞ്ഞ പാരീസ് ഒളിംപിക്‌സില്‍ വെള്ളി നേടി നീരജ് ചരിത്രം കുറിച്ചിരുന്നു. പാരീസില്‍ ഭാരതത്തിന്റെ ഏക വെള്ളി മെഡലായിരുന്നു അത്. 89.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ മികച്ചദൂരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by