കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും കാലതാമസം വരുത്തിയ പോലീസ് ഉദ്യോഗസ്ഥനായ എസ്എച്ച്ഒ അഭിജിത് മൊണ്ടാള്‍, കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്ക് ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊലപാതകവിവരം പുറത്ത് വന്നതിന് ശേഷവും സന്ദീപ് ഘോഷും അഭിജിത്തും പരസ്പരം ബന്ധപ്പെട്ടിരുന്നു. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്ന് സന്ദീപ് ഘോഷ് അഭിജിത്തിനോട് പറഞ്ഞിരുന്നുവെന്നും ഇരുവരുടേയും കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് സന്ദീപ് ഘോഷിനേയും അഭിജിത്തിനേയും സിബിഐ അറസ്റ്റ് ചെയ്തത്. സന്ദീപിനേയും അഭിജിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കൊലപാതകത്തെ രണ്ട് പേരും നിസാരവത്കരിക്കാന്‍ ശ്രമിച്ചെന്നാണ് സിബിഐ ആരോപിക്കുന്നത്.
കൊലപാതകവിവരം പോലീസിനെ അറിയിച്ചെങ്കിലും അഭിജിത് വളരെ അധികം സമയമെടുത്താണ് സംഭവസ്ഥലത്തേക്ക് എത്തിയത്. അഞ്ച് മിനിറ്റ് മാത്രം ദൂരമുള്ള സ്ഥലത്തേക്ക് ഒരു മണിക്കൂറിലധികം സമയമെടുത്താണ് പോലീസ് എത്തിയത്. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് വൈകിപ്പിച്ചതിനും, കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതിന് പിന്നിലും ദുരൂഹതയുണ്ട്. സന്ദീപ് ഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു. കോളജിന്റെ വൈസ് പ്രിന്‍സിപ്പലാണ് പോലീസില്‍ പരാതി നല്കിയതെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു.
സന്ദീപ് ഘോഷിന്റെ നുണപരിശോധനയുടെ ഫൊറന്‍സിക് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേസെടുക്കുന്നതിലും തെളിവ് ശേഖരണത്തിലും എസ്എച്ച്ഒയ്‌ക്ക് വീഴ്ചയുണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു. കോളജിലെ സെമിനാര്‍ ഹാളില്‍, ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആഗസ്ത് 9ന് രാവിലെ 10.03 മുതല്‍ അഭിജിത്ത് മൊണ്ഡലുമായി സന്ദീപ് ഘോഷ് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: