തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് കൈകോര്‍ക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ പുതിയ കാമ്പയിനായ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഭാഗമാണിത്.
കാമ്പയിനിന്റെ ഔദ്യോഗിക വീഡിയോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ
പുറത്തിറക്കുകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സുമായി സംവദിക്കുകയും ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വലിയ ഫോളോവേഴ്സുള്ള മുപ്പതോളം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് പരിപാടിയുടെ ഭാഗമാകും. വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഫ്ളുവന്‍സേഴ്സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങള്‍ വയനാട്ടിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിക്കുകയും ഹോട്ടല്‍ ബുക്കിംഗ് ഉള്‍പ്പെടെ റദ്ദാക്കുന്നതിലേക്കും നയിച്ചിരുന്നു.
വയനാടിനെ ചൊല്ലി സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങള്‍ ടൂറിസം മേഖലയെ വല്ലാതെ ബാധിച്ചുവെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ജില്ലയുടെ തീരെച്ചെറിയൊരു ഭാഗത്തെ മാത്രമാണ് ബാധിച്ചത്. എന്നാല്‍ വയനാട് ദുരന്തം എന്ന് പലരും വിശേഷിപ്പിച്ചതിനാല്‍ അത് ജില്ലയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി പ്രവര്‍ത്തനത്തെയാകെ പിന്നോട്ടടിപ്പിച്ചു. ആശങ്കയെ തുടര്‍ന്ന് ചൂരല്‍മലയില്‍ നിന്ന് അകലെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ പോലും പലരും റദ്ദാക്കി. ഇത് നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ഇതിന്റെ ഫലമായി വയനാട്ടിലേക്ക് വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി. പ്രധാന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ വയനാടിന് പ്രാധാന്യം വന്നതോടെ വാരാന്ത്യങ്ങളില്‍ വലിയ തിരക്ക് കാരണം ഹോട്ടല്‍ ബുക്കിംഗ് പോലും കിട്ടാത്ത സാഹചര്യമുണ്ടായി. കോവിഡിനു ശേഷം ‘സേഫ് കേരള’ കാമ്പയിനില്‍ ആദ്യം പരിഗണിച്ചതും വയനാടിനെയാണ്. എന്നാല്‍ ചൂരല്‍മല ദുരന്തത്തിനു ശേഷമുണ്ടായ നിരവധി തെറ്റായ പ്രചാരണങ്ങളോടെ ഈ മേല്‍ക്കൈ നഷ്ടമാകുകയാണുണ്ടായത്. ‘എന്റെ കേരളം എന്നും സുന്ദരം’ കാമ്പയിന് സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: