ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 74-)0 പിറന്നാൾ. ആഘോഷങ്ങളോ, പ്രത്യേക ചടങ്ങുകളോ ഇല്ലെന്നും ഈ ദിവസവും അദ്ദേഹം പൊതു പരിപാടികളുടെ തിരക്കിലായിരിക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നാളെ തന്റെ ദിവസം ആരംഭിക്കുന്നത്. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്ന് സൂചനയുണ്ട് .
ഉച്ചയോടെ അദ്ദേഹം ഒഡീഷയിലെത്തും. സുഭദ്ര യോജനയുടെ ആദ്യ ഗഡു അദ്ദേഹം ഭുവനേശ്വറിൽ നടക്കുന്ന ചടങ്ങിൽ സ്ത്രീകൾക്ക് കൈമാറും. 21 നും 60 നും ഇടയിൽ പ്രായമുള്ള ഒഡീഷയിലെ ഒരു കോടിയിലധികം സ്ത്രീകൾക്ക് മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് സുഭദ്ര പദ്ധതി പ്രകാരം 10,000 രൂപ വാർഷിക സഹായം ലഭിക്കുമെന്നാണ് റിപ്പോർട്ട് . ജഗന്നാഥ സ്വാമിയുടെ സഹോദരി സുഭദ്രയുടെ പേരിലാണ് പദ്ധതി.
ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും അദ്ദേഹം എത്തുമെന്ന് സൂചനയുണ്ട്. രാംടെക് മണ്ഡലത്തിലെ ലോക്‌സഭാ പ്രചാരണത്തിനിടെ ഏപ്രിലിലാണ് പ്രധാനമന്ത്രി മോദി അവസാനമായി നാഗ്പൂർ സന്ദർശിച്ചത്. മോദി 3.0 യിൽ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഇത്തവണ, പ്രധാനമന്ത്രി മോദി വാർധയിലേക്ക് പോകുന്നതിന് മുമ്പ് നാഗ്പൂർ സന്ദർശിക്കും.
എല്ലാ വർഷത്തേയും പോലെ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനം മുതൽ രണ്ടാഴ്ച ബിജെപി ‘സേവാ പഖ്വാര’ അല്ലെങ്കിൽ ‘സേവാ പർവ്’ ആയി ആചരിക്കും . സെപ്റ്റംബർ 18 മുതൽ ആശുപത്രികളിലും സ്‌കൂളുകളിലും പാർട്ടി ശുചീകരണ യജ്ഞം നടത്തും. ജില്ലാതലം വരെ രക്തദാന ക്യാമ്പുകളും ശുചീകരണ യജ്ഞങ്ങളും നടത്തും.
സെപ്തംബർ 23 ന് ഇന്ത്യയിലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും മുതിർന്ന പൗരൻമാരായ സ്ത്രീകൾക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയോടെ രണ്ടാഴ്ചത്തെ ആഘോഷം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: