മലപ്പുറം: നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി.
പൊതുജനങ്ങള്‍ കൂട്ടം ചേരാന്‍ പാടില്ല. വിവാഹം അടക്കം ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
കണ്ടെയ്ന്‍മെന്റെ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളിലാണ് നിയന്ത്രണം.
തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളും മമ്പാട് ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്മെന്റ് സോണുകള്‍. ഇവിടങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
സിനിമാ തിയറ്ററുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണം. പച്ചക്കറിയും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ ഭക്ഷിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഈ മാസം 9ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: