ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികളുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. സെപ്റ്റംബർ 17 വരെയാണ് നീട്ടിയത്. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞയാഴ്ച നടന്റെയും മറ്റുള്ളവരുടെയും കസ്റ്റഡി കാലാവധി 12 വരെ നീട്ടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചതിനാൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കി.
ദർശൻ ഇപ്പോൾ ബെള്ളാരി ജയിലിലാണ് കഴിയുന്നത്. നടന് വിഐപി പരിഗണന ലഭിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.
കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രം പോലീസ് സെപ്റ്റംബർ നാലിന് കോടതിയിൽ സമർപ്പിച്ചിരുന്നു. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും സ്വകാര്യഭാഗങ്ങളിലും മാരകമായ ക്ഷതമേൽപ്പിക്കുകയും രേണുകാസ്വാമി മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുപ്രതികൾക്ക് 30 ലക്ഷം രൂപ നൽകിയതായും നടൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: