കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വേദി പങ്കിടില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. മമതയെ ‘ലേഡി മാക്ബത്ത്’ എന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഒട്ടാകെ അതിക്രമങ്ങള്‍ അരങ്ങേറുകയാണെന്നും വ്യക്തമാക്കി
‘ഞാന്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ല. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചതിന് അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും’ ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കുകയാണ് ഗവര്‍ണറെന്ന നിലയില്‍ എന്റെ കടമ. എനിക്ക് ബംഗാളിലെ ജനങ്ങളോടാണ് എനിക്ക് ബാധ്യത. ക്രൂരമായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്കൊപ്പവും നീതിക്കുവേണ്ടി സമരം ചെയ്യുന്നവര്‍ക്ക് ഒപ്പമാണ് താനെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ മമത ഭരണം പൂര്‍ണപരാജയമാണെന്നും ക്രമസമാധാന പാലനത്തില്‍ ആഭ്യന്തരവകുപ്പ് പരാജയമാണെന്നും വ്യക്തമാക്കി. ആര്‍ജി കര് ആശുപത്രി സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഈ നിര്‍ദേശം പാലിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താത്തതിലും ഗവര്‍ണര്‍ പ്രതിഷേധിച്ചു. സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിരുന്നു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മമത തയാറായില്ല. ചര്‍ച്ചയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ബംഗാളിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന ചോദ്യങ്ങള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ബംഗാളിലെ ജനങ്ങളോട് താന്‍ പ്രതിജ്ഞാ ബദ്ധനാണെന്ന് സി.വി ആനന്ദബോസ് പറഞ്ഞു.
ഇതിനിടയില്‍ പ്രതിഷേധം ശമിപ്പിക്കാന്‍ രാജി വാഗ്ദാന നാടകവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മമതയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: