ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവോണ ദിവസം ഉപവസിക്കുമെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി. ഉപ്പുതറ ടൗണിലാണ് സമരം. മത, രാഷ്‌ട്രീയ, സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അന്താരാഷ്‌ട്ര തലത്തിലുള്ള ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം.
നിലവിലെ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നും തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്നതാണ് മുദ്രാവാക്യം. സെപ്തംബര്‍ 15ന് രാവിലെ ഒമ്പത് മണിക്ക് സമരം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍
നേരത്തെ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 13 വര്‍ഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.
ഇപ്പോള്‍ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: