ദുബായ് : എഐ മേഖലയിലെ പുതിയ കമ്പനികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം വളർച്ച നേടി അബുദാബി എമിറേറ്റ് റെക്കോർഡിലേക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളുടെ എണ്ണത്തിൽ ഈ വർഷം 40 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.
അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കമുള്ള നിരവധിപ്പേർക്ക് അനവധി തൊഴിൽ സാധ്യതകളാണ് ഇവിടെ ഉരുത്തിരിയുന്നത്. 2024-ലെ രണ്ടാം പാദത്തിന്റെ അവസാനം വരെയുള്ള കാലയളവിൽ എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന നാനൂറിൽ പരം കമ്പനികൾ രജിസ്റ്റർ ചെയ്തതായി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.
എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രേഖപ്പെടുത്തുന്ന വലിയ താത്പര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024-ന്റെ ആദ്യ പകുതിയിൽ മാത്രം എമിറേറ്റിൽ ഓരോ രണ്ട് ദിവസത്തിലും ഒരു കമ്പനി എന്ന നിരക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അബുദാബി ചേംബർ വെളിപ്പെടുത്തി.
ആറ് മാസത്തിനിടയിൽ തൊണ്ണൂറോളം പുതിയ കമ്പനികളാണ് ഈ മേഖലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ 41.3% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: