ഒരു ചെസ് കളിക്കാരന്‍ എന്നതില്‍ നിന്നും യുവാക്കളെ രൂപപ്പെടുത്തുന്ന മാര്‍ഗ്ഗദര്‍ശിയുടെ റോളിലേക്ക് മാറുകയാണ് വിശ്വനാഥന്‍ ആനന്ദ്. ചെസില്‍ 2000, 2007,2008,2010, 2012 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദ് ഇന്ന് അത്ഭുതസിദ്ധികളുള്ള ഒരു പിടി കൗമാര താരങ്ങളുടെ കോച്ചും പ്രചോദനകേന്ദ്രവും ഒക്കെയാണ്.
പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല രാമകൃഷ്ണ തുടങ്ങിയവര്‍ ലോക ചെസിലെ തിളങ്ങുന്ന മുഖങ്ങളാണിന്ന്. അജയ്യനായ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന് ഇന്ന് ലോകത്തില്‍ ജീവിക്കുന്ന ഏക എതിരാളി പ്രജ്ഞാനന്ദയാണ്. കഴിഞ്ഞവര്‍ഷം എത്രയോ തവണ മാഗ്നസ് കാള്‍സനെ തോല്‍പിക്കുക വഴി 19 കാരനായ പ്രജ്ഞാനന്ദ ലോകചെസ് ആരാധകരുടെ ആരാധനാപാത്രമാണ്.
ഡി.ഗുകേഷ് എന്ന മറ്റൊരു 18 കാരന്‍ ലോക ചെസ് കിരീടത്തിനായി അടുത്ത മാസം ചൈനയുടെ ഡിങ് ലിറനെ വെല്ലുവിളിക്കുകയാണ്. സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസില്‍ കിരീടസാധ്യത ഗുകേഷിനാണ് കല്‍പിക്കപ്പെടുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മനസ്സില്‍ വിചാരിക്കുന്ന ഫലം പിടിച്ചുവാങ്ങാനുള്ള കഴിവാണ് ഗുകേഷിനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോള്‍ പ്രജ്ഞാനന്ദയും ജയിക്കുന്നതിന് പകരം സമനില പിടിയ്‌ക്കുന്നതിലും തോല്‍വി വഴങ്ങാതിരിക്കലും പ്രധാനമാണെന്ന പാഠം പഠിയ്‌ക്കുകയാണ്.
54കാരനായ വിശ്വനാഥന്‍ ആനന്ദ് ഇപ്പോള്‍ ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ്. പക്ഷെ ഒരു ഇടവേളയ്‌ക്ക് ശേഷം ആനന്ദ് വീണ്ടും ഒരു ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കാന്‍ പോവുകയാണ്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗില്‍ ഗംഗാ ഗ്രാന്‍റ് മാസ്റ്റേഴ്സ് ടീമില്‍ അംഗമാണ് വിശ്വനാഥന്‍ ആനന്ദ്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്‌ക്ക് കിരീട സാധ്യത കല്‍പിക്കുകയാണ് വിശ്വനാഥന്‍ ആനന്ദ്. ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിക്കുന്നത് പ്രജ്ഞാനന്ദ, ഗുകേഷ്, പെന്‍റല ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ് സി എന്നിവരാണ്. വനിതകളില്‍ വൈശാലി, താന്യ സച് ദേവ, ദിവ്യ ദേശ് മുഖ്, വന്തിക എന്നിവര്‍ മാറ്റുരയ്‌ക്കുന്നു. 2022ല്‍ ചെന്നൈയിലായിരുന്നു ചെസ് ഒളിമ്പ്യാഡ്. അന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. വെങ്കലമെഡല്‍ നേടി. പക്ഷെ ഇക്കുറി സ്വര്‍ണ്ണം നേടാനാവുമെന്ന് ആനന്ദ് പ്രതീക്ഷിക്കുന്നു.
“നാല് വര്‍ഷം ആരംഭിച്ച വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് അക്കാദമി പുതിയ തലമുറയ്‌ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതില്‍ മികച്ച ചുവടുവെയ്പായിരുന്നുവെന്ന് ആനന്ദ് പറയുന്നു. സോവിയറ്റ് യൂണിയന്‍ എന്ന് അറിയപ്പെട്ടിരുന്ന പഴയ കാല റഷ്യയില്‍ 30-40 വര്‍ഷം മുന്‍പ് നിലനിന്നിരുന്ന കോച്ചിംഗ് സമ്പ്രദായങ്ങള്‍ കണ്ടാണ് അതുപോലെ ചിലത് ഇന്ത്യയില്‍ വേണമെന്ന് ആനന്ദ് തീരുമാനിച്ചത്.”- ആനന്ദ് പറയുന്നു. ഇന്ന് പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ യുവ ടീമിനെ സ്വര്‍ണ്ണത്തലമുറ എന്ന് വിളിക്കാനാണ് ആനന്ദ് ഇഷ്ടപ്പെടുന്നത്.
“പല രാജ്യങ്ങളില്‍ നിന്നുള്ള ചില ആശയങ്ങള്‍ കടം കൊണ്ടാണ് ഞാന്‍ വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് അക്കാദമിയില്‍ ഉപയോഗിച്ചത്. അന്നൊക്കെ ആദ്യ 200 റാങ്കിനുള്ളിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. പിന്നീട് അവര്‍ 100ലേക്ക് കടന്നു. ഞാന്‍ കഴിവുറ്റ താരങ്ങളെ പിന്തുണച്ച് അവരെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സഹായിച്ചു.” – ആനന്ദ് പറയുന്നു.
സൂര്യശേഖര്‍ ഗാംഗുലി, കെ. ശശികിരണ്‍, സന്ദീപന്‍ ചന്ദ എന്നീ തൊട്ടുമുന്‍പുള്ള തലമുറയിലെ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവരുടെ പ്രത്യേകത നിര്‍ണ്ണായകമായ അവസരങ്ങള്‍ വിജയമാക്കി മാറ്റുന്നതില്‍ ഈ തലമുറയ്‌ക്കുള്ള കഴിവും തന്‍റേടവുമാണെന്ന് ആനന്ദ് വിശ്വസിക്കുന്നു.
ഇന്ന് ലോകത്തിലെ ഉന്നതശീര്‍ഷരായ താരങ്ങളുമായാണ് ഇന്ത്യയിലെ കൗമാരക്കാര്‍ മാറ്റുരയ്‌ക്കുന്നത്. ഇവിടെ വിജയിച്ച് ഫലമുണ്ടാക്കുക എന്നതിനേക്കാള്‍ തങ്ങള്‍ക്ക് വീണുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ പുതിയ തലമുറ മിടുക്കരാണ്.- ആനന്ദ് പറയുന്നു.
ചെസ് ഇനിയും ഒളിമ്പിക്സില്‍ ഒരു കായിക ഇനമായി കണക്കാക്കാത്തതില്‍ ആനന്ദിന് വേദനയുണ്ട്. ഇത്രയും ചരിത്രമുള്ള ഒരു ഗെയിം ആയിരുന്നിട്ടും അതിനെ കായിക ഇനമായി ഇനിയും കണക്കാക്കിയിട്ടില്ല. വരും വര്‍ഷങ്ങളില്‍ അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നതായി ആനന്ദ് പറയുന്നു.
കളിയില്‍ നിന്നും പാതി വിരമിച്ചെങ്കിലും അടുത്തമാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗില്‍ ഗംഗാ ഗ്രാന്‍റ് മാസ്റ്റേഴ്സ് ടീമില്‍ അംഗമായ വിശ്വനാഥന്‍ ആനന്ദ് കഠിനമായ പരിശീലനത്തിലാണ്. മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ ലോകത്തിലെ മികച്ച ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കും.
ഈ വര്‍ഷം ലിയോണ്‍ മാസ്റ്റേഴ്സ് ചെസില്‍ തുടര്‍ച്ചയായി 10ാം തവണയും കിരീടം നേടിയ ആനന്ദ് അടുത്ത വര്‍ഷവും സ്പെയിനില്‍ നടക്കാന്‍ പോകുന്ന ലിയോണ്‍ മാസ്റ്റേഴ്സില്‍ പങ്കെടുക്കും. ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) ഭരണനിര്‍വ്വഹണ റോള്‍ തനിക്ക് പ്രചോദനമാണെന്നും ആനന്ദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: