തിരുവനന്തപുരം: കെഎസ്ആർടിസി ജീവനകാരിൽനിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സർക്കുലർ ഇറക്കിയത്. സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: