തൃശൂര്‍: സിബിഐ, ഇഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സൈബര്‍ തട്ടിപ്പ്. ഇരയായ തൃശൂര്‍ സ്വദേശിനിക്ക് നഷ്ടമായത് ഒന്നര കോടിയിലധികം രൂപ. തൃശൂര്‍ സ്വദേശിനിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും പല ഘട്ടങ്ങളായാണ് 1,59,40,000/ രൂപ സൈബര്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇരയായ സ്ത്രീ തൃശൂര്‍ സിറ്റി ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
ആഗസ്ത് 23 നാണ് സംഭവത്തിന്റെ തുടക്കം. പരാതിക്കാരിയുടെ വാട്സാപ് നമ്പരിലേക്ക് എസ്ബിഐ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചു. ക്രെഡിറ്റ് കാര്‍ഡ് തീയതി കഴിഞ്ഞെന്നും അതിലേക്ക് ഒരു ലക്ഷത്തിലധികം രൂപ അടയ്ക്കാനുണ്ടെന്നും പറയുകയായിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞ അഡ്രസ്സ് തന്റെയല്ല എന്നുപറഞ്ഞപ്പോള്‍ മുംബൈ പോലീസില്‍ പരാതി കൊടുക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തി.
ക്രെഡിറ്റ് കാര്‍ഡിന്റെ പരാതി രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ച് നോക്കിയെന്നും കള്ളപ്പണം വെളുപ്പിച്ചതിന് പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യും എന്നും പറഞ്ഞ് ഭീഷണിപെടുത്തുകയായിരുന്നു. 90 ദിവസത്തെ വാറണ്ട് ഉണ്ടെന്നും 3 മുതല്‍ 7 വര്‍ഷം വരെ തടവും 500000/ രൂപ പിഴയും ഉണ്ടാകുമെന്നും പറഞ്ഞാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അതിനുശേഷം വീഡിയോ കോളിലൂടെ പണമയക്കാനും ആവശ്യപ്പെട്ടു. ഈ പണം 3 ദിവസത്തിനുള്ളില്‍ തിരിച്ച് നല്‍കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെയാണ് പല ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തത്.
ടിവിയില്‍ സമാനമായ ഒരു തട്ടിപ്പിനെകുറിച്ചുള്ള അറിയിപ്പ് കണ്ടപ്പോഴാണ് ഇത് ചതിയാണെന്ന് പരാതിക്കാരിക്ക് മനസ്സിലായത്. ഉടന്‍തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടലില്‍ പരാതി റെജിസ്റ്റര്‍ ചെയ്യുകയും പിന്നീട് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: