തിരുവനന്തപുരം: ഓണാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും തലസ്ഥാനത്ത് ഇന്ന് പുലിയിറങ്ങും. പത്തുദിവസം നീളുന്ന ‘ഓണക്കൂട്ടായ്മ’ യോടനുബന്ധിച്ചാണ് പ്രത്യേക പുലികളി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.30ന് മാനവീയം വീഥിയില്‍ നിന്ന് കനകക്കുന്നിലേക്ക് നടത്തുന്ന പുലികളിയില്‍ തൃശ്ശൂരില്‍ നിന്നെത്തുന്ന 30 പുലികളും 15 വാദ്യക്കാരുമാണ് ഉണ്ടാകുക. കനകക്കുന്നിലും നിശാഗന്ധിയിലുമായി വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 11 മുതല്‍ കനകക്കുന്നില്‍ പുലികളിക്കാരുടെ ഒരുക്കങ്ങളും ചമയമിടലും കാണുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടായിരിക്കും.
നിശാഗന്ധിയില്‍ ഇന്ന് രാത്രി 7.30ന് ഊരാളി ബാന്‍ഡ് അവതരിപ്പിക്കുന്ന പരിപാടി. തുടര്‍ ദിവസങ്ങളില്‍ രാത്രി 6.30നാണ് നിശാഗന്ധിയിലെ പ്രധാനവേദിയില്‍ പരിപാടികള്‍ അരങ്ങേറുക. നാളെ ആല്‍മരം ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയില്‍ ഗായിക കെ.എസ്. ചിത്ര പ്രത്യേക അതിഥിയാകും. 15ന് രാത്രി 7.30ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പിന്നണിഗായകര്‍ അണിനിരക്കുന്ന ചിങ്ങനിലാവ്. 16ന് 6.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം ‘അച്ഛന്‍’. 17ന് റാസ ബീഗം അവതരിപ്പിക്കുന്ന ഗസല്‍. 18ന് രാത്രി 6.30ന് സ്റ്റാര്‍സിംഗര്‍. 19ന് സ്റ്റീഫന്‍ ദേവസിയും മുരളീകൃഷ്ണനും അവതരിപ്പിക്കുന്ന സംഗീതനിശ. 20ന് ഗൗരിലക്ഷ്മിയുടെ ബാന്‍ഡ്. 21ന് അരകവ്യൂഹം ബാന്‍ഡും തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസലും. 22ന് രാജേഷ് വിജയ് ആന്‍ഡ് ബാന്‍ഡ് അരങ്ങിലെത്തും.
ഓരോ ദിവസവും വൈകിട്ട് 4.30 മുതല്‍ ഒന്നിലേറെ കലാപരിപാടികള്‍ക്കു മിനിസ്‌റ്റേജ് വേദിയാകും. ഇന്ന് പൂപ്പട തുള്ളല്‍, ചാക്യാര്‍കൂത്ത്, ഡിജെ. നാളെ വില്‍പ്പാട്ട്, കാക്കാരശ്ശി നാടകം, ലാസ്റ്റ് സാഗ മ്യൂസിക് ബാന്‍ഡ്, ഡിജെ. 15ന് ഓട്ടന്‍തുള്ളല്‍, ഓപ്പണ്‍ മൈക്ക്, വെസ്‌റ്റേണ്‍ ബീറ്റ്‌സ് ആഫ്രിക്കന്‍ ആന്‍ഡ് ബീ ബോയിംഗ് ഡാന്‍സ്, ശിങ്കാരിമേളം ഫ്യൂഷന്‍. 16ന് തിരുവാതിര മല്‍സരം, വിശ്വനാഥ പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. 17ന് വനിതാ ശിങ്കാരിമേളം, പടയണിയും വഞ്ചിപ്പാട്ടും, കളരി, ഡിജെ. 18ന് നാടന്‍പാട്ട് മല്‍സരം, ഗരുഡന്‍ പറവ, നാടന്‍പാട്ട്, സപ്ത ബാന്‍ഡ്. 19ന് നാടോടിനൃത്ത മല്‍സരം, പഞ്ചാരിമേളം, കിടിലം ടാലന്റ് ഷോ. 20ന് കുമ്മാട്ടിക്കളി, നാദസ്വരം, ബാറ്റില്‍ ഓഫ് ബാന്‍ഡ്‌സ്, ഡിജെ. 21ന് ചരടുപിന്നിക്കളി, ചവിട്ടുനാടകം, ഡിജെ. 22ന് കൊറിയോ നൈറ്റ്.
കനകക്കുന്നും പരിസരവും ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കുകയും പൂര്‍ണമായും ദീപാലംകൃതമാക്കുകയും ചെയ്യുന്നുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, പെറ്റ്‌സ് പാര്‍ക്ക് തുടങ്ങിയവയും ഉണ്ടാകും. 50 രൂപയാണ് പ്രവേശനടിക്കറ്റ്. മൈത്രി അഡ്വര്‍ടൈസ്‌മെന്റ് വര്‍ക്‌സും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടിക്കറ്റിലൂടെ പിരിഞ്ഞുകിട്ടുന്ന പണത്തിന്റെ ഒരു ഭാഗം വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: