വെള്ളറട: വെള്ളറടയില്‍ അപകടത്തില്‍പ്പെട്ടയാളെ ചികിത്സ നല്‍കാതെ വീട്ടിനുള്ളിലിട്ട് പൂട്ടിയ ബൈക്ക് യാത്രികരെ ഇനിയും കണ്ടെത്താനായില്ല. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷിന്റെ മരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
വീടിനു മുന്നില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ സുരേഷിന് യഥാസമയം ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതെ വീട്ടിലാക്കിയശേഷം ആരെയുമറിയിക്കാതെ ബൈക്ക് യാത്രക്കാര്‍ മുങ്ങുകയായിരുന്നു. അപകടദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
മണ്ണന്തല മുക്കോല സ്വദേശി ശേഖരന്- നാഗമ്മ ദമ്പതിമാരുടെ മകനാണ് മരിച്ച സുരേഷ്. ഭാര്യയും മക്കളുമായി അകന്നു കഴിഞ്ഞിരുന്ന സുരേഷ് ചൂണ്ടിക്കലിലെ പരേതനായ പിതൃസഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. നാലു ദിവസമായി സുരേഷിനെ പുറത്തുകാണാനില്ലായിരുന്നു. ഒറ്റമുറിയുള്ള വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപത്തുള്ളവര്‍ വാര്‍ഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സുരേഷിന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് പോലീസ് സമീപത്തെ കടയിലുള്ള നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച രാത്രി 11 ന് സുരേഷിനെ ബൈക്കിടിച്ചിടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്കു പോയ രണ്ടു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് സുരേഷിനെ ഇടിച്ചിട്ടത്. അപകടത്തില്‍ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ റോഡില്‍ വീഴുന്നതും ക്യാമറയില്‍ കാണാം. യുവാക്കള്‍ സുരേഷിനെ വീടിനകത്താക്കി കതകു ചാരിയശേഷം മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുരേഷിന്റെ തലയ്ക്കും കാലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു ബുധനാഴ്ച രാവിലെ 10 മണിയോടെ വെള്ളറട സി.ഐ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഭാര്യ: അനിത. മക്കള്‍: ആര്യ, അരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: