ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജില്‍ പഠനത്തിന് വിട്ടു നല്‍കും. ശനിയാഴ്ച ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.
ഇതിനു ശേഷമാകും മൃതദേഹം എയിംസിന് വിട്ടു നല്‍കുക. വ്യാഴാഴ്ച തന്നെ മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രണ്ടാഴ്‌ച്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെച്ചൂരി.
വെളളിയാഴ്ച വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനം.. ഉച്ചക്ക് ശേഷം വീണ്ടും എയിംസിലേക്ക് കൊണ്ടു പോകും. മരണവാര്‍ത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കള്‍ കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തി. ഓഫീസില്‍ പാര്‍ട്ടി പതാക താഴ്‌ത്തിക്കെട്ടി.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയാണ് സീതാറം യെച്ചൂരി.സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും കല്‍പികയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് മദ്രാസിലാണ് ജനിച്ചത്. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സീതാറാം യച്ചൂരി ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായത്.
1974ല്‍ എസ്എഫ്‌ഐയില്‍ അംഗമായ സീതാറാം യച്ചൂരി മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം കാരണം പൂര്‍ത്തിയാക്കിയില്ല.
1986ല്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984ല്‍ 32ാം വയസിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി. 1992ല്‍ മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.
പിന്നീട് 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലെത്തി. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക