സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു ഈ ചോദ്യം. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവിടുന്നതിനെ എതിര്‍ത്തപ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച ചോദ്യം ഉന്നയിച്ചത്. സ്വകാര്യതയുള്‍പ്പടെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകാത്തതെന്നുമൊക്കെ സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞെങ്കിലും വിലപ്പോയില്ല.
സ്വകാര്യത സംരക്ഷിക്കണം. പക്ഷേ, സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാന്‍ എന്ത് ചെയ്തു. അത്തരമൊരു ഉത്തരവാദിത്തം ഉണ്ടല്ലോ. സിനിമയിലെ മാത്രം പ്രശ്നമല്ലിതെന്നും കോടതി പ്രതികരിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കണ്ടേയെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ ആക്ട്, പോഷ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമാ നയത്തിനായി കഴിഞ്ഞവര്‍ഷം കമ്മിറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു. നാലുവര്‍ഷത്തിനുശേഷം കമ്മിറ്റി രൂപീകരിച്ചിട്ട് എന്ത് കാര്യം. ആദ്യം നടപടി സ്വീകരിക്കൂ. എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമല്ല, ഹേമ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ട് എസ്ഐടിക്ക് വിടാനുള്ള ഇത്തരവും സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. സ്ത്രീ വിരുദ്ധമാണ് പിണറായി സര്‍ക്കാര്‍ എന്നത് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടതിനുശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ്, കുറ്റാരോപണം നേരിടുന്നവര്ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കും. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികളെ പരാജയപ്പെടുത്താന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: