ന്യൂദൽഹി : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എൻഐഎ ഡയറക്ടർ ജനറൽ, ദൽഹി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി അഭിഭാഷകനായ വിനീത് ജിൻഡാൽ. സെപ്തംബർ 9 ന് അദ്ദേഹത്തിന്റെ യുഎസ് സന്ദർശന വേളയിൽ നടത്തിയ സിഖുകാരെക്കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് സുപ്രീം കോടതി അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയത്.
ഒരു സിഖുകാരന് തന്റെ തലപ്പാവും ഖടയും ധരിച്ച് ഗുരുദ്വാര സന്ദർശിക്കാൻ കഴിയുമോ എന്നതാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്ന പോരാട്ടമെന്ന് രാഹുൽ ഗാന്ധിയുടെ അമേരിക്കയിൽ നടത്തിയ പരാമർശം സൃഷ്ടിച്ച വിവാദത്തിനിടയിലാണ് പരാതിയുമായി അഭിഭാഷകൻ എത്തുന്നത്. പാർലമെൻ്റ് അംഗവും ലോക്‌സഭാ നേതാവുമായ രാഹുൽ ഗാന്ധി യുഎസ് സന്ദർശനത്തിലാണ്, അദ്ദേഹം തുടർച്ചയായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.
രാഹുൽ ഗാന്ധി സിഖുകാരെ പ്രേരിപ്പിക്കാൻ ശ്രമിച്ചത് ശരിയല്ല, ഒരു സിഖുകാരനെയും ഗുരുദ്വാര സന്ദർശിക്കാനോ തലപ്പാവ് ധരിക്കാനോ തടഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ്. കേന്ദ്രസർക്കാരിനെ ആക്രമിക്കുന്നതിനുപകരം രാഹുൽ ഗാന്ധി സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് എങ്ങനെയെന്നത് നേരത്തെയും തങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിലവിൽ യുഎസ്എയിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എൻഐഎ, ദൽഹി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. തെറ്റായ പ്രസ്താവനകൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്യാൻ എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പാസ്‌പോർട്ട് റദ്ദാക്കാനും താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ വർഗീയ വിദ്വേഷം ഉണർത്താനും ഇന്ത്യൻ സർക്കാരിനെ തകർക്കാനും ഉദ്ദേശിച്ചുള്ള പ്രസ്താവനകൾക്ക് ബിഎൻഎസിന്റെ സെക്ഷൻ 152, 196, 299, 353 എന്നിവ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും അഭിഭാഷകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: