India

മതപരിവർത്തന കേസ് ; മൗലാന കലീം സിദ്ദിഖിയുൾപ്പെടെയുള്ളവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും ; ചുമത്തിയത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള വകുപ്പ്

Published by

ലക്നൗ : മതപരിവർത്തന കേസിൽ മൗലാന കലീം സിദ്ദിഖിയും മറ്റ് 16 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക കോടതി. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഉത്തർപ്രദേശിലെ എൻഐഎ-എടിഎസിന്റെ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ ശരൺ ത്രിപാഠിയാണ് കേസ് പരിഗണിക്കുക.

മൗലാന കലിം സിദ്ദിഖി, ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ ആലം എന്നിവർ രാജ്യത്തുടനീളം അനധികൃത മതപരിവർത്തന റാക്കറ്റ് നടത്തിയിരുന്നതായി ഉത്തർപ്രദേശ് എടിഎസ് പറയുന്നു. 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത് .

മൗലാന കലീം സിദ്ദിഖി, ഉമർ ഗൗതം എന്നിവരെക്കൂടാതെ പ്രകാശ് രാമേശ്വർ കാവ്ഡെ, കൗഷർ ആലം, ഭൂപ്രിയ ബന്ധോ എന്ന അർസലൻ മുസ്തഫ, ഫറാസ് ബാബുല്ല ഷാ, മുഫ്തി ഖാസി ജഹാംഗീർ ആലം കാസ്മി, ഇർഫാൻ ഷെയ്ഖ്, രാഹുലലി ഇർഫാൻ , അബ്ദുൾ മന്നാൻ എന്ന മണ്ണു യാദവ്, സലാവുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, അബ്ദുല്ല ഒമർ, സലിം, കുനാൽ അശോക് ചൗധരി, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, സർഫറാസ് അലി ജാഫ്രി എന്നിവരാണ് പ്രതികൾ.

2021 ജൂണിലാണ് യുപി എടിഎസ് അനധികൃത മതപരിവർത്തന കേസിൽ ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. പിന്നീട് അതേ വർഷം സെപ്റ്റംബറിൽ അന്വേഷണത്തിന് ശേഷം മീററ്റിൽ നിന്ന് സിദ്ദിഖിനെ ഏജൻസി അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം ഏറ്റവും വലിയ പരിവർത്തന സിൻഡിക്കേറ്റ് നടത്തുന്നതായി എടിഎസ് വ്യക്തമാക്കിയിരുന്നു.

ബഹ്‌റൈനിൽ നിന്ന് 1.5 കോടി രൂപയും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും അനധികൃതമായി മതപരിവർത്തനത്തിന് എത്തിയതായും എടിഎസ് കണ്ടെത്തി . ഇസ്‌ലാമിക് ദഅ്വ സെൻ്ററിൽ (ഐഡിസി) മതപരിവർത്തന പ്രവർത്തനങ്ങളിൽ കലീം ഉമറിനെയും മുഫ്തി ഖാസിയെയും സഹായിച്ചു. രാജ്യത്തുടനീളം സാമൂഹിക സൗഹാർദ്ദത്തിന്റെ പേരിൽ പരിപാടികൾ നടത്തുന്ന വലിയുള്ള എന്ന ട്രസ്റ്റും മൗലാനാ കലീം നടത്തിയിരുന്നു, എന്നാൽ അതിന്റെ മറവിൽ മതപരിവർത്തന റാക്കറ്റ് പ്രവർത്തിക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക