ന്യൂദൽഹി: ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 2020-ൽ ഒൻപത് കോടിയിലധികം വിലമതിക്കുന്ന സ്വർണക്കട്ടികൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലെ 17ാംമത്തെ പ്രതിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഇൻ്റർപോളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് മുനിയദ് അലിഖാനെ പിടികൂടിയത്.
ഒളിവിലായിരുന്ന മുനിയാദ് അലി ഖാനിനെതിരെ ജയ്‌പ്പൂരിലെ എൻഐഎ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ 17 പേർക്കൊപ്പം 2021 മാർച്ചിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച മുനിയാദിനെതിരെ റെഡ് കോർണർ നോട്ടീസും നിലവിലുണ്ടായിരുന്നു.
കേസിലെ എൻഐഎ അന്വേഷണത്തിൽ മുനിയാദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ ഗൾഫ് രാജ്യത്തുനിന്ന് ഇന്ത്യയിലേക്ക് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കടത്താൻ കൂട്ടുപ്രതികളായ സമീർ ഖാൻ, ഐസാസ് ഖാൻ, സുരേന്ദ്രകുമാർ ദർജി, മുഹമ്മദ് ആരിഫ് എന്നിവരുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. കൂട്ടുപ്രതികളുടെ ചെക്ക് ഇൻ ബാഗേജിലെ എമർജൻസി ലൈറ്റുകളിൽ മുനിയാദ് സ്വർണക്കട്ടികൾ ഒളിപ്പിച്ചതായി എൻഐഎ അറിയിച്ചു.
2020 ജൂലൈ 3 ന് ജയ്പൂർ ഇൻ്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ 18,569.39 ഗ്രാം ഭാരവും ഒൻപത് കോടി രൂപ വിലമതിക്കുന്നതുമായ സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് 2020 സെപ്റ്റംബർ 22ന് കേസ് ഏറ്റെടുത്ത എൻഐഎ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: