കൊച്ചി: അപ്പോഫിസ് എന്ന കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയ്‌ക്കടുത്തേക്ക് വരുന്നുവെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). 2029 ഏപ്രില്‍ 13ന് ഭൂമിക്ക് ഏറ്റവും അടുത്തു കൂടി ഇത് കടന്നുപോവുമെന്നാണ് കരുതുന്നത്.
മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പ്രതികരിച്ചു.
ഐഎസ്ആര്‍ഒയുടെ നെറ്റ്‌വര്‍ക്ക് ഫോര്‍ സ്പേസ് ഒബ്ജക്ട്സ് ട്രാക്കിങ് ആന്‍ഡ് അനാലിസിസ് (നേത്ര) പദ്ധതിയിലൂടെ അപ്പോഫിസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അപ്പോഫിസ് ഉയര്‍ത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാന്‍ ഭാരതം എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുമായി ഒരു നാള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹമാണ് അപോഫിസ്. 140 മീറ്ററിലേറെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതാ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. അപ്പോഫിസിന്റെ വ്യാസം 340 മീറ്റര്‍ മുതല്‍ 450 മീറ്റര്‍ വരെയാണ്. ഭാരതത്തിന്റെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയേക്കാളും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തേക്കാളും വലുതാണിത്. ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ചത് ഇത്തരം ഒരു ഛിന്നഗ്രഹ പതനമാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക