കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ പൂരത്തിന്റെ 11-ാം സീസണിന് വെള്ളിയാഴ്ച്ച കൊടിയേറ്റ്. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയും റണ്ണറപ്പുകളായ മോഹന്ബഗാന് സൂപ്പര്‍ ജയന്റ്സും വെള്ളിയാഴ്ച്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഡിസംബര്‍ വരെയുള്ള ആദ്യ ഘട്ട മത്സരങ്ങളുടെ ഷെഡ്യൂള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഞായറാഴ്ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. പഞ്ചാബ് എഫ്സി ആണ് എതിരാളികള്‍.
ഇക്കുറി 13 ടീമുകളാണ് ഐഎസ്എലില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ഐഎസ്എലിലേക്ക് യോഗ്യത നേടി. കഴിഞ്ഞ സീസണ് മുതലാണ് ഐലീഗ് ജേതാക്കള്‍ക്ക് സൂപ്പര്‍ ലീഗില്‍ സ്ഥാനക്കയറ്റം നല്കുന്ന രീതിക്ക് തുടക്കമിട്ടത്. പഞ്ചാബ് എഫ്സി ആണ് ആദ്യമായി ഐ ലീഗില്‍ നിന്നും ഐഎസ്എലിലെത്തിയത്. മുഹമ്മദന്‍ എസ് സി ലീഗിലെത്തുന്നതോടെയാണ് ഇത്തവണ ഐഎസ്എലില്‍ 13 ടീമുകളാകുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് അടക്കം മൂന്ന് ടീമുകളാണ് ഇത്തവണ പരിശീലകരെ മാറ്റിയത്. ബ്ലാസ്റ്റേഴ്സ് ഇവാന് വുക്കോ മനോവിച്ചിനെ മാറ്റി മികായേല്‍ സ്റ്റാറെയെ ചുമതലയേല്‍പ്പിച്ചു. ഐഎസ്എലിന്റെ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറെ.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ട മോഹന്‍ ബഗാന് എസ്ജിയുടെ സ്പാനിഷ് പരിശീലകന് ആന്റോണിയോ ലോവസ് ഹബാസ് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ സീസണ് പൂര്‍ത്തിയായതോടെ കരാര്‍ കാലാവധി പൂര്‍ത്തിയ മുറയ്ക്കാണ് സ്ഥാനമൊഴിഞ്ഞത്. മറ്റൊരു സ്പെയിന്കാരന് ജോസ് ഫ്രാന്‍സിസ്കോ മോളീന ആണ് പുതിയ മോഹന്‍ ബഗാന് പരിശീലകന്. കഴിഞ്ഞ സീസണില്‍ പാടെ നിറംമങ്ങിയ പ്രകടനത്തിലായിരുന്ന പഞ്ചാബ് എഫ്സി ഗ്രീക്ക് പരിശീലകന് സ്റ്റായികോസ് വെര്ജെറ്റിസ് കരാര്‍ കാലാവധി പൂര്‍ത്തിയയതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 29 മുതല്‍ മറ്റൊരു ഗ്രീക്ക് പരിശീലകന് പനാജിയോറ്റിസ് ഡിംപെറിസ് ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: