തിരുവനന്തപുരം: ട്രാവല്‍ വ്യവസായത്തിലെ സാമ്പത്തിക ക്രയവിക്രയം കൂടുതല്‍ സുഗമവും കാര്യക്ഷമവും ആക്കുന്നതിനായി അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ പ്ലാറ്റ് ഫോമായ സ്ട്രൈപ്പുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐസ്റ്റേ സൊല്യൂഷന്‍സ് കരാറില്‍ ഏര്‍പ്പെട്ടു. ഐബിഎസിന്റെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങും. സാമ്പത്തിക സേവനങ്ങളെ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്കും മാര്‍ക്കറ്റ് പ്ലേസിലേക്കും സമന്വയിപ്പിക്കാനുള്ള ഏറ്റവും സരളവും വേഗത്തിലുള്ളതുമായ മാര്‍ഗ്ഗമാണിത്.
ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകരമായ വ്യക്തിഗത സേവനങ്ങള്‍ നല്കുന്നതിനോടൊപ്പം സരളമായ ഇടപാടുകള്‍, പതിവായി ബുക്കിംഗ് നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും ഒരുപോലെ സഹായകരമാണ് ഈ സഹകരണം. ഓണ്‍ലൈനിലും നേരിട്ടുള്ള പേയ്മന്റുകളിലും ഈ സൗകര്യം കാര്യക്ഷമമായിരിക്കും.
ആധുനിക പേയ്മന്റ് സംവിധാനത്തിന്റെ ഗുണഫലം നേടുന്നതിനോടൊപ്പം യാത്രകള്‍ക്ക് ഏതു രീതിയില്‍ പണം നല്‍കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കുകയും ചെയ്യാം. ഒറ്റ ക്ലിക്കില്‍ തന്നെ ഇഎംഐ, ബൈ നൗ പേ ലേറ്റര്‍, തുടങ്ങിയ മാര്‍ഗ്ഗത്തിലൂടെ പേയ്മന്റ് നടത്തി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനു പുറമെ ഭക്ഷണം, പാര്‍ക്കിംഗ്, ടൂറുകള്‍ തുടങ്ങിയവ ഇതിലൂടെ ഒറ്റ ക്ലിക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഉപഭോക്താക്കള്‍ക്ക് ലോകോത്തര ബുക്കിംഗ് അനുഭവം സമ്മാനിക്കാനും അതുവഴി മികച്ച യാത്ര വാഗ്ദാനം ചെയ്യാനും ഐബിഎസിന്റെ ഈ സഹകരണത്തോടെ സാധിക്കും.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 42 രാജ്യങ്ങളില്‍ നിന്നായി 5,000 ജീവനക്കാരാണുള്ളത്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്റെ ഉപഭോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: