കൊച്ചി: കടവന്ത്രയില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നടി താഴ്ചയിലേക്ക് കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. നൈറ്റി ധരിച്ച നിലയില്‍ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടര്‍ന്ന് ആറാം തീയതി സുഭദ്രയുടെ മകന് കടവന്ത്ര പൊലീസില്‍ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തില്‍ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂര്‍ കോര്‍ത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികള്‍ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശര്‍മിളയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
അതേസമയം, ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. വളരെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാന്‍ പൊലീസിന് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തെ കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ആലപ്പുഴ ഡിവൈഎസ്പി, മണ്ണഞ്ചേരി, മാരാരിക്കുളം, ആലപ്പുഴ നോര്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വിരലടയാള വിദഗ്ധര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭസ്ഥലത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: