കോട്ടയം: രണ്ടുമാസത്തെ കറണ്ട് ചാര്‍ജ് ഒരുമിച്ച് ഈടാക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി താരിഫ് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നടന്ന സിറ്റിങ്ങുകളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ബില്ലുകള്‍ അതതുമാസം നല്‍കണമെന്നാണ് ആവശ്യം. ജനുവരി മുതല്‍ മെയ് വരെ സമ്മര്‍ താരിഫ് ഈടാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെയും ബഹുജന പ്രതിഷേധമുണ്ടായി. നിലവില്‍ കോഴിക്കോട് , പാലക്കാട,് കൊച്ചി എന്നിവിടങ്ങളിലാണ് കമ്മീഷന് സിറ്റിംഗ് നടത്തിയത്. തിരുവനന്തപുരത്തെ സിറ്റിംഗ് 11ന് നടക്കും. ഇതാദ്യമാണ് ഇത്രയധികം ആളുകള്‍ സിറ്റിങ്ങില്‍ പങ്കെടുക്കുന്നത്. ജനമുന്നേറ്റം മൂലം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ചെറിയ ഹാളില്‍ നിന്ന് വലിയ ഹാളിലേക്ക് സിറ്റിംഗ് മാറ്റിയിരിക്കുകയാണ്.
കെഎസ്ഇബിയുടെ താരിഫ് കൊള്ളക്കെതിരായി എല്ലാ സിറ്റിംഗിലും വന്‍ ജന പ്രതിരോധം രൂപപ്പെട്ടു വരികയാണ്. ജീവനക്കാരുടെ അമിത ശമ്പളവും തൊഴില്‍ ചെയ്യുന്നതിലെ മാന്ദ്യവും പരക്കെ ചോദ്യം ചെയ്യപ്പെട്ടു. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുത്, സോളാര്‍ വൈദ്യുതി ഉല്പാദനത്തിലെ അപാകതകള്‍ പരിഹരിക്കുക, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിരക്കില്‍ ഇളവ് നല്‍കുക, വൈദ്യുതി കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, വ്യാജ പേരിലുള്ള വൈദ്യുതി ഡ്യൂട്ടി ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സിറ്റിഗുകളില് പൊതുജനങ്ങള്‍ ഉന്നയിച്ചു.
മുന്‍കാല സിറ്റികളില്‍ പതിവായി പങ്കെടുത്തിരുന്ന അഭിഭാഷകനായ വിനോദ് മാത്യു വില്‍സണ്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആഹ്വാനം ജനം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: