തളിപ്പറമ്പ് ; അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തി യുഎഇ പൗരൻ സയിദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി. ഇന്നലെ രാവിലെയാണ് സൗദി റാസൽഖൈമ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി സൗദിയിൽ തന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ കീച്ചേരി കോലോത്ത്‍വയൽ പി.രവീന്ദ്രനൊപ്പം മുത്തപ്പ സന്നിധിയിൽ എത്തിയത്.
ക്ഷേത്രത്തിൽ എത്തിയ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി പറശ്ശിനിക്കടവ് പുഴയിൽ ഇറങ്ങി പാദങ്ങൾ കഴുകിയ ശേഷമാണ് മുത്തപ്പന്റെ മുൻപിൽ എത്തിയത്. മടപ്പുരയിൽ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
തിരുവപ്പന മുത്തപ്പൻ കെട്ടിയാടിക്കൊണ്ടിരിക്കുന്ന സമയത്താണ് നഖ്‍വി എത്തിയത്. അറബി വേഷത്തിൽ തന്നെ എത്തിയ നഖ്‍വിയെ മുത്തപ്പൻ വെള്ളാട്ടം കൈപിടിച്ച് അരികത്ത് നിർത്തി കാത്ത് രക്ഷിക്കാമെന്ന് ഉറപ്പ് നൽകി. എല്ലാം ആഗ്രഹിച്ചത് പോലെ നടക്കുമെന്ന് കൂടെയുണ്ടായിരുന്ന രവീന്ദ്രനും ഉറപ്പ് നൽകി . ആരും വേറിട്ടവരല്ല , എല്ലാരും ഒന്നാണെന്ന മുത്തപ്പന്റെ മൊഴി കൂടെയെത്തിയ കീച്ചേരി സ്വദേശി രവീന്ദ്രൻ പരിഭാഷപ്പെടുത്തിയപ്പോൾ അൽ നഖ്‌ബി ശ്രദ്ധയോടെ കേട്ടു. പരസ്‌പര സ്‌നേഹസന്ദേശം നിറഞ്ഞുനിൽക്കുന്ന സന്ദേശമാണ് മടപ്പുരയിൽ കണ്ടതെന്ന് അൽ നഖ്ബി പറഞ്ഞു
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നഖ്‍വി പിന്നീട് സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു.അവിടെ നിന്ന് വിരമിച്ച ശേഷമാണ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനായത്. നഖ്‍വി ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോൾ മുത്തപ്പന്റെ ആസ്ഥാനത്ത് വച്ച് കാണുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇത്തവണ വന്നപ്പോൾ ക്ഷേത്രത്തിൽ എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: