പത്തനംതിട്ട: കേരളം കണ്ടുകൊണ്ടിരിക്കുന്നത് കൊള്ള മുതല്‍ പങ്കുവയ്ക്കുന്നതിലുള്ള തര്‍ക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നേരത്തേ കണ്ണൂരില്‍ സ്വര്‍ണക്കടത്ത്, മാഫിയ, കൊട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങളില്‍ ഇതു കണ്ടതാണ്. ഇപ്പോള്‍ മലപ്പുറത്തു കാണുന്നതും സിപിഎമ്മിലെ കൊള്ള മുതല്‍ പങ്കിടല്‍ തര്‍ക്കമാണ്. പോലീസിലെ മാഫിയയാണ് അവരെ സഹായിക്കുന്നത്, അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തും പാര്‍ട്ടിയിലെ ഏജന്റുമാരും സ്വര്‍ണം അടിച്ചുമാറ്റുന്ന പോലീസും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍. സ്വര്‍ണക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധമെത്തി. ഇത് അതീവ ഗൗരവകരമാണ്. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ ബെഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ഇതേ സംഘങ്ങള്‍ തന്നെയാണെന്ന് പുറത്തുവന്നിരിക്കുന്നു.
വിമാനത്താവളത്തിനു പുറത്തു പിടിക്കുന്ന സ്വര്‍ണത്തില്‍ പോലീസിനും പൊട്ടിക്കുന്നവര്‍ക്കും എത്ര ശതമാനം പങ്കിടണമെന്നതാണ് തര്‍ക്കം. സിപിഎം സെക്രട്ടേറിയറ്റിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, അന്‍വര്‍ ആരാണെന്നു ചോദിക്കുന്നു. എം.വി. ഗോവിന്ദനെ കണ്ട ശേഷമാണ് പി.വി. അന്‍വര്‍ വര്‍ധിത വീര്യത്തിലായത്. ഇതെല്ലാം സൂചിപ്പിക്കുന്നത്, ‘എല്ലാം പരിശോധിക്കും, അന്വേഷിക്കും’ എന്ന പാര്‍ട്ടി നിലപാടു കള്ളമാണെന്നാണ്. എല്ലാ ആരോപണങ്ങളുടെയും കുന്തമുന മുഖ്യമന്ത്രിയിലേക്കാണ്.
സിഎമ്മിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരായ ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് സിപിഎം ശ്രമമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
വി.ഡി. സതീശന്റേത് ഉണ്ടയില്ലാ വെടിയാണ്. 2023 മേയില്‍ നടന്ന കൂടിക്കാഴ്ചയുടെ പേരില്‍ 2024 ഏപ്രിലില്‍ പൂരം അലങ്കോലപ്പെടുത്തിയെന്നത് മണ്ടത്തരമല്ലാതെ മറ്റെന്താണെന്നു സുരേന്ദ്രന് ചോദിച്ചു. പൂരം കൊണ്ടാണ് മുരളീധരന് പരാജയപ്പെട്ടതെന്നാണ് സതീശന് പറയുന്നത്. മൂന്നാം സ്ഥാനത്തായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്. ആളുകളെ വിഡ്ഢിയാക്കി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടുകയാണ് സതീശന്. നാലു ദിവസമായി തുടരുന്ന ബിജെപി യുടെ അംഗത്വ പ്രചാരണത്തില്‍ പുതുതായി ചേര്‍ന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: