വാഷിങ്ടണ്‍: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്മോറിനേയും ഒപ്പം കൂട്ടാതെയാണ് സ്റ്റാര്‍ലൈനറിന്റെ മടക്കം.
ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് സ്പെയ്സ് ഹാര്‍ബറില്‍ ഭാരത സമയം ഇന്നലെ രാവിലെ 9.30 ഓടെ സ്റ്റാര്‍ലൈനര്‍ പറന്നിറങ്ങി. സുനിതയും വില്‍മോറും ഫെബ്രുവരിയില്‍ മടങ്ങിയെത്തുമെന്നും നാസ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറക്കി. ജൂണ്‍ 5 നാണ് സുനിത വില്യംസിനേയും വില്‍മോറിനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ ലൈനറിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
എട്ട് ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങി പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, യാത്രയില്‍ പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം തകരാറിലായി. ഇത് ഹീലിയത്തിന്റെ ചോര്‍ച്ചയിലേക്കു നയിച്ചു. തുടര്‍ന്ന് പേടകം തിരിച്ചിറക്കുന്ന ദൗത്യം നീളുകയായിരുന്നു.
സുനിതയെയും വില്‍മോറിനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ തിരിച്ചിറക്കുന്നതില്‍ ആശങ്കയുണ്ടെന്ന് നാസയുടെ വിദഗ്ധസംഘം വിലയിരുത്തിയതിനെത്തുടര്‍ന്നാണ് സ്റ്റാര്‍ലൈനര്‍ തനിച്ച് മടങ്ങിയത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗണിന്റെ പേടകത്തിലായിരിക്കും സുനിതയും വില്‍മോറും ഭൂമിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: