കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡി. കോളജിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് വാങ്ങിക്കൂട്ടിയത് ഏക്കര്‍കണക്കിന് ഭൂമി. കേസില്‍ അന്വേഷണം വിപുലീകരിച്ച് ഇ ഡി. സന്ദീപ് ഘോഷിന് സൗത്ത് 24 പര്‍ഗനാസ് ജില്ലയിലുള്ള ആഡംബര ബംഗ്ലാവില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. സന്ദീപ് ഘോഷിന്റെയും ഭാര്യ സംഗീത ഘോഷിന്റെയും പേരിലുള്ള വസതിയാണിത്.
നൂറോളം ഏക്കര്‍ ഭൂമിക്ക് നടുവിലായാണ് കാനിംഗിലെ ഈ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. സംഗീത സന്ദീപ് വില്ല എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവില്‍ സന്ദീപ് ഘോഷ് ഇടയ്‌ക്കിടക്ക് എത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സന്ദീപ് ഘോഷ് ഈ മേഖലയില്‍ വലിയ തോതില്‍ സ്ഥലം വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. ഇയാള്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷം മുന്‍പാണ് കോടിക്കണക്കിന് രൂപ മുടക്കി ഫാം ഹൗസും, ബംഗ്ലാവും നിര്‍മിച്ചത്. സന്ദീപ് ഘോഷിന്റെ കുടുംബവും പലപ്പോഴും ഇവിടേക്ക് എത്താറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സന്ദീപ് ഘോഷ് പലയിടങ്ങളിലായി അപ്പാര്‍ട്മെന്റുകളടക്കം വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സന്ദീപ് ഘോഷിന്റേയും അടുത്ത ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇ ഡി പരിശോധന നടത്തിയത്. അതേസമയം കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററും സന്ദീപ് ഘോഷിന്റെ സഹായിയുമായ പ്രസൂണ്‍ ചതോപാധ്യായയെ ഇ ഡി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക