കൊച്ചി: പുരസ്‌കാരങ്ങളല്ല കലാകാരന്മാരെ വളര്‍ത്തുന്നതെന്നും ആത്മവിശ്വാസമാണ് അവരുടെ അമൂല്യമായ ധനമെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.
തനിക്ക് വയലാര്‍ അവാര്‍ഡ് ലഭിക്കാനായി 47 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. അതും തന്റെ കവിതകള്‍ക്ക് ലഭിച്ചില്ല, ആത്മകഥയ്‌ക്കാണ് ലഭിച്ചത്. എന്നിട്ടും താന്‍ വളര്‍ന്നു, ആരുടേയും മുന്നില്‍ നാളിതുവരെ തലക്കുനിച്ചിട്ടില്ല. സൃഷ്ടാവ് എഴുതി നല്‍കുന്നതാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരിക്കലും സൃഷ്ടാവില്ലാതെ അവര്‍ക്കൊരു നിലനില്‍പ്പില്ല. ആരുടേയും മുന്നില്‍ സൃഷ്ടാക്കളായ കലാകാരന്മാര്‍ തലകുനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വീട്ടില്‍ നിന്ന് ലഭിച്ച പുരസ്‌കാരമാണിതെന്നും ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ാം വയസില്‍ ക്ലാസിലെ ഫീസുകൊടുക്കാന്‍ ഇല്ലാതിരുന്ന കാലത്ത് തന്റെ കണക്ക് ബുക്കില്‍ ഹോംവര്‍ക്ക് ചെയ്യുന്ന സമയത്ത് വലിയ ബോക്‌സ് വരച്ച് സംവിധാനം നിര്‍മാണം ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി എന്ന് എഴുതിയയാളാണ് താന്‍.
17 കൊല്ലം കഴിഞ്ഞപ്പോള്‍ തന്റെ ചന്ദ്രകാന്തം എന്ന സിനിമ പുറത്തുവന്നു. പിന്നീട് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ വന്നപ്പോഴും തലകുനിച്ച് നിന്നിട്ടില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. അങ്ങനെയാണ് ഞാന്‍ ജീവിതത്തില്‍ ഇതുവരെ മുന്നോട്ട് പോയതെന്നും മരണം വരെ അത് തുടരുമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സൃഷ്ടാവിന് മാത്രമേ പകര്‍പ്പവകാശമുള്ളൂ. തങ്ങളേക്കാല്‍ താഴെയാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക, ആ വിചാരം മനസിലുണ്ടാകണമെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പങ്കുവെച്ചത് മാക്ട പ്രവര്‍ത്തകര്‍ക്കിടയില്‍ കരഘോഷത്തിന് ഇടയാക്കി.
എറണാകുളത്ത് ടൗണ്‍ ഹാളില്‍ നടന്ന മാക്ടയുടെ മുപ്പതാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ വച്ച് സംവിധാകന്‍ ജോഷിയാണ് പുരസ്‌കാരം കൈമാറിയത്. മാക്ട മുന്‍ പ്രസിഡന്റ് കമല്‍, സംവിധായകന്‍ എം. പത്മകുമാര്‍, മെക്കാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: